ന്യൂഡൽഹി: ഡൽഹിയിലെ വനിതകൾക്ക് പൊതുഗതാഗതം സൗജന്യമാക്കി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രഖ്യാപനം. രാജ്യ തലസ്ഥാനത്തെ ബസുകളിലും മെട്രോ ട്രെയിനുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കാനാണ് സർക്കാർ പ്രഖ്യാപനം. ഉത്തരവ് അടുത്തുതന്നെ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു.
സ്ത്രീകളുടെ യാത്ര സുരക്ഷിതമാക്കുന്നതിനും പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയുമാണ് ഇത്തരത്തിലൊരു പ്രഖ്യാപനമെന്ന് കേജ്‌രിവാൾ പറഞ്ഞു.മൂന്ന് മാസത്തിനകം പദ്ധതി നടപ്പാക്കും. നിർദേശം പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. ജനങ്ങളുടെ നിർദേശവും പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി.ടി.സി ബസുകൾ, ഡൽഹി ഇന്റഗേറ്റഡ് മൾട്ടിമോഡൽ സിസ്റ്റത്തിന് കീഴിലുള്ള ക്ലസ്റ്റർ ബസുകൾ, മെടോ ട്രെയിനുകൾ എന്നിവയിലാകും സ്ത്രീകൾക്ക് സൗജന്യ യാത്ര. അതേസമയം, പ്രഖ്യാപനം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് ആക്ഷേപമുണ്ട്.
സൗജന്യ യാത്രാ പദ്ധതി ആർക്കും അധികഭാരം ഉണ്ടാക്കില്ലെന്ന് കേജ്‌രിവാൾ പറഞ്ഞു. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ സാധിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. അവർക്ക് സബ്സിഡിയുടെ ആവശ്യമില്ല. സാമ്പത്തികമായി ശേഷിയുള്ളവർ ടിക്കറ്റ് എടുത്ത് തന്നെ യാത്ര ചെയ്യണം. അത്തരക്കാരെ സർക്കാർ പ്രോത്സാഹിപ്പിക്കും. ഇതിന്റെ പ്രയോഗം പാവപ്പെട്ടവർക്ക് ലഭിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.