ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനെ അഞ്ച് വർഷത്തേക്ക് കൂടി പുനർ നിയമനം നൽകി കേന്ദ്രസർക്കാർ ഉത്തരവിറക്കി. രണ്ടാം മോദി സർക്കാരിൽ ക്യാബിനറ്റ് റാങ്കിലാണ് അജിത് ഡോവലിന്റെ നിയമനം. ആദ്യ അഞ്ച് വർഷത്തെ മികച്ച പ്രകടനം കണക്കിലെടുത്താണ് ഇത്തവണ ക്യാബിനറ്റ് റാങ്ക് അനുവദിച്ചത്. നേരത്തെ സഹമന്ത്രി പദവിയിലായിരുന്നു നിയമനം.
കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡോവൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ തലവനായിട്ടാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നത്. തുടർന്ന് 2014ൽ മോദി സർക്കാരിന് കീഴിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായി. അതിർത്തി കടന്ന് പാകിസ്ഥാനിലെത്തി വിജയകരമായി രണ്ട് പ്രത്യാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിൽ ഡോവലിന്റെ ആസൂത്രണ മികവ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 2016ൽ പത്താൻകോട്ട് ആക്രമണത്തിന് പകരമായി നടത്തിയ മിന്നലാക്രമണവും 2018ൽ പുൽവാമ ആക്രമണത്തിന് പകരമായി ഇന്ത്യൻ വ്യോമസേന നടത്തിയ പ്രത്യാക്രമണവും ഡോവലിന്റെ നേട്ടങ്ങളാണ്. അരുണാചൽ പ്രദേശിനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധത്തിന്റെ വക്കോളമെത്തിയ ഡോക്‌ലാം പ്രശ്‌നം പരിഹരിക്കുന്നതിലും ഡോവൽ നിർണായക ഇടപെടലുകൾ നടത്തി.