തിരുവനന്തപുരം: കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ്പാ വൈറസ് ബാധയാണോയെന്ന ആശങ്കയിലാണ് മലയാളികൾ. ഈ സാഹചര്യത്തിൽ രാഷ്ട്രീയ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ലയെന്നും വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ കഠിനാധ്വാനവും വേണം. ഇവിടെയാണ് മോദിയും ടീമും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാവുന്നതെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിൽ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വർഷം തികയുന്നുവെന്നും എന്നാൽ അതിനുള്ള ഒരു നടപടിയും സംസ്ഥാനത്തെ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടില്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തി. അതേസമയം സുരേന്ദ്രന്റെ പോസ്റ്റിനെ വിമർശിച്ച് ധാരാളം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. എവിടെയെങ്കിലും ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ മനസിന് വല്ലാത്ത വിഷമമാ അല്ലേ? , പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണോ?എന്നിങ്ങനെ നിരവധി കമന്റുകളാണ് കുറിപ്പിന് വന്നുകൊണ്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കൊച്ചിയിലെ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരു രോഗിക്ക് നിപ്പാ വൈറസ് ബാധയാണോ എന്ന് സംശയമുണ്ടെന്ന ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തൽ പൊതുജനങ്ങൾക്കിടയിൽ വലിയ ഭീതി പരത്തിയിരിക്കുകയാണ്. പൂനയിലെ വൈറോളജി ലാബിൽ നിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പനോടൊപ്പം പൊതുജനങ്ങളും. കേരളത്തിൽ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വർഷം തികയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ലാബ് തുടങ്ങാൻ തീരുമാനിച്ചത്.
എന്നാൽ അതിനുള്ള ഒരു നടപടിയും കേരളത്തിലെ ആരോഗ്യവകുപ്പിന് ഇതുവരെ പൂർത്തീകരിക്കാനായിട്ടില്ല. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ പേരിൽ രണ്ടു വർഷം പണം മുടങ്ങുകയും ചെയ്തു. എല്ലാ വർഷവും ഈയാവശ്യത്തിന് പണം അനുവദിക്കുന്നതുമാണ്. നമുക്ക് സ്വന്തമായി ഒരു വൈറോളജി ലാബുണ്ടെങ്കിൽ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും അതെത്രമാത്രം പ്രയോജനപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ. കേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ കഠിനാധ്വാനവും വേണം. ഇവിടെയാണ് മോദിയും ടീമും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാവുന്നത്.