metro

ന്യൂഡൽഹി: സ്ത്രീകൾക്ക് ബസിലും മെട്രോ ട്രെയിനിലും സൗജന്യയാത്ര നടപ്പിലാക്കാനൊരുങ്ങി ഡൽഹി സർക്കാർ. രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ തീരുമാനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസുകളിലും ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസ്‌പോർട്ട് സിസ്റ്റത്തിലും (ഡി.ടി.സി) ഡൽഹി മെട്രോയിലുമാണു സ്ത്രീകൾക്കു സൗജന്യയാത്ര അനുവദിക്കുക. അതേസമയം, ടിക്കറ്റെടുത്ത് യാത്രചെയ്യാൻ കഴിവുള്ളവർക്ക് ഇതിനായുള്ള സൗകര്യവും ഏർപ്പെടുത്തും.

സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്ന 40 ലക്ഷം യാത്രക്കാരിൽ 30 ശതമാനമാണ് സ്ത്രീകൾ.

ഉയർന്ന നിരക്കും സുരക്ഷാപ്രശ്നവും കാരണം യാത്ര സാധിക്കാത്ത സ്ത്രീകൾക്കു പുതിയ തീരുമാനം ഗുണകരമാകുമെന്നു കേജ്‌‌രിവാൾ പറഞ്ഞു. വർഷം 700 കോടി രൂപയാണ് പദ്ധതിയിലൂടെ സംസ്ഥാനത്തിന് ചെലവ് കണക്കാക്കുന്നത്. ട്രാൻസ്‌പോർട്ട് ബസിൽ സംസ്ഥാന സർക്കാരിന് പൂർണനിയന്ത്രണം ഉണ്ടെങ്കിലും മെട്രോ സേവനത്തിൽ കേന്ദ്രസർക്കാരിനും പകുതി ഓഹരിയാണുള്ളത്. അതുകൊണ്ട് ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ കൂടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പദ്ധതി യാഥാർത്ഥ്യമാകൂ. പദ്ധതിയെക്കുറിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ടി.സിയോടും ഡൽഹി മെട്രോയോടും ആവശ്യപ്പെട്ടിരിക്കുകയാണെന്ന് കേജ്‌രിവാൾ വ്യക്തമാക്കി.

2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് ആംആദ്മി സർക്കാരിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള ഏഴുസീറ്റിലും ആംആദ്മി പരാജയപ്പെട്ടിരുന്നു. 2015ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റിലും വിജയിച്ചായിരുന്നു സംസ്ഥാനഭരണം കോൺഗ്രസിന്റെ കൈയിൽനിന്ന് ആംആദ്മി പിടിച്ചെടുത്തത്.

 ''കേജ്‌രിവാളിന് മനോനില തകരാറിലായിരിക്കുകയാണ്. പരാജയഭീതി കാരണമാണ് ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ വ്യാജ വാഗ്ദാനങ്ങൾ" - മനോജ് തിവാരി, ഡൽഹിയിലെ ബി.ജെ.പി അദ്ധ്യക്ഷൻ