പൈൽസ് രോഗം പോലെ വ്യാപകമാണെങ്കിലും സാമാന്യജനങ്ങളിൽ ഫിഷർ രോഗത്തെപ്പറ്റിയുള്ള അറിവ് വിരളമാണ്. മലശോധനക്കുശേഷം മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വേദന, രക്തസ്രാവം, വിസർജ്ജനത്തിന് ഉള്ള ബുദ്ധിമുട്ട്, മലദ്വാരത്തിന് സമീപം ദശപോലുള്ള വളർച്ച തുടങ്ങിയവയാണ് മലദ്വാര ഫിഷറിന്റെ ലക്ഷണങ്ങൾ. എല്ലാ ലക്ഷണങ്ങളും എല്ലാ രോഗികളിലും കാണണമെന്നില്ല. ശക്തമായ മലബന്ധവും വരണ്ടുണങ്ങിയ മലം ബുദ്ധിമുട്ടോടെ വിസർജ്ജിക്കുന്നന്നതും രോഗലക്ഷണമാണ്. പ്രസവാനന്തരവും ഈ രോഗം വ്യാപകമായി കാണുന്നു.
മലദ്വാരത്തിന് അരികിലായി ഉണ്ടാകുന്ന ഉണങ്ങാത്ത വ്രണങ്ങൾ ആണ് ഫിഷർ. വേദനയ്ക്ക് ആനുപാതികമായി മലദ്വാരത്തിന് ചുറ്റിലുമുള്ള വലയ പേശികൾ ചുരുങ്ങിപ്പോകുക വഴി മലദ്വാര സങ്കോചം വന്നുചേരുന്നു. കാലക്രമേണ ഇത്തരം വ്രണങ്ങളിൽ നിന്ന് ദശവളർച്ചയും ഉണ്ടാകുന്നു.
സർജറിയും അനുബന്ധ പ്രശ്നങ്ങളും
കാലപ്പഴക്കം ചെന്ന ഫിഷർ രോഗം എത്ര ശക്തമായ ആന്റിബയോട്ടിക് മരുന്നുകളും ലേപനങ്ങളും ഉപയോഗിച്ചാലും ഭേദമാകാറില്ല. അതിനാൽ സർജറിയാണ് നിർദ്ദേശിക്കാറുള്ളത്. അമിതമായി ചുരുങ്ങിയിരിക്കുന്ന മലദ്വാരം പൂർവസ്ഥിതിയിലാക്കാൻ മലനിയന്ത്രണശേഷി നൽകുന്ന വലയ പേശിയെ നിയന്ത്രിതമായി മുറിക്കുകയും, വ്രണത്തെ മുറിച്ച് നീക്കം ചെയ്യുന്ന fissure ecotomy സർജറിയുമാണ് ചെയ്യുന്നത്. എന്നാൽ മലദ്വാര വികാസം ഉണ്ടാകുന്ന LIS (Lateral Internal Sphincterotomy) ചികിത്സ മലനിയന്ത്രണ ശേഷിയെ ബാധിച്ചേക്കാം. ദ്രാവകരൂപത്തിലുള്ള മലം കിനിഞ്ഞു കൊണ്ടിരിക്കുകയോ, മലവിസർജ്ജനം വേണമെന്ന് തോന്നിയാൽ അധികസമയം പിടിച്ചുനിറുത്താനോ കഴിയാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. അപൂർവം പേരിൽ LIS ചികിത്സ മലദ്വാര ഫിസ്റ്റുല രോഗത്തിലേക്ക് നയിച്ചേക്കാം. ആവർത്തന സാദ്ധ്യതയും കൂടുതലാണ്.
ആയുർവേദ സമീപനം
മലദ്വാരത്തിന്റെ അമിതമായ സങ്കോചം മാറിയാൽ തന്നെ രക്തചംക്രമണം സാധാരണ സ്ഥിതിയിലാകുകയും വ്രണം പെട്ടെന്ന് ഭേദമാകുകയും ചെയ്യാറുണ്ട്. ഇതിനായി നിയന്ത്രിത രീതിയിൽ anal dilators ഉപയോഗിച്ച് മലദ്വാര വികാസം ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
ഇതുകൂടാതെ വ്രണം മുറിച്ച് നീക്കം ചെയ്യുന്നതിന് പകരം ഔഷധം വ്രണത്തിൽ പുരട്ടുകയും വ്രണം പെട്ടെന്ന് തന്നെ ഭേദമാകുകയും ചെയ്യും.