കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനനയത്തെ പുകഴ്ത്തിയുള്ള ഫേസ് ബുക്ക് പോസ്റ്റിൽ ഉറച്ചു നിൽക്കുന്നതായി കോൺഗ്രസിൽ നിന്നു പുറത്തായ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിന് നൽകിയ വിശദീകരണ കുറിപ്പിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരുടെയും കാലുപിടിച്ചോ ഗ്രൂപ്പ് നേതാക്കളുടെ പെട്ടി തൂക്കിയോ അല്ല കണ്ണൂരിലും തലശ്ശേരിയിലും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത്. പിണറായിയുടെ ശക്തികേന്ദ്രത്തിൽ കെ. സുധാകരനും കെ.സി. ജോസഫും ഉള്ളിടത്ത് സ്ഥാനമാനം കണ്ടിട്ട് കോൺഗ്രസിൽ വന്നെന്ന വാദം നല്ല ദേശീയ തമാശ മാത്രമാണ്.
തന്റെ നിലപാട് അന്നും ഇന്നും എന്നും ഒന്നാണ്. താൻ അവസരവാദിയല്ല. ഗുജറാത്ത് വികസന മാതൃക സംബന്ധിച്ച് തന്റെ മുൻ പ്രസ്താവന തിരുത്താൻ കെ. സുധാകരനും അഡ്വ. ആസഫലിയും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തത്. പുതിയ തലമുറയ്ക്ക് ഇഷ്ടമുള്ള നിലപാടാണ് തന്റേതെന്ന് ബോദ്ധ്യമുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മോദി സ്തുതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ, വി.എം. സുധീരൻ, കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവർ കെ.പി.സി.സി പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ശക്തമായ നടപടി വേണമെന്ന് കെ.പി.സി.സി നേതൃയോഗത്തിലും രാഷ്ട്രീയ കാര്യസമിതി യോഗത്തിലും ആവശ്യം ഉയർന്നിരുന്നു. ഇതിനിടെ കോൺഗ്രസിലെ തന്നെ ചില നേതാക്കൾ അബ്ദുള്ളക്കുട്ടിയെ സംരക്ഷിക്കാൻ രഹസ്യമായി രംഗത്ത് വന്നതിനെതിരെയും വിമർശനമുണ്ടായി.