flight

 കാണാതായത് അരുണാചലിൽ അതിർത്തിക്കടുത്ത്

ന്യൂഡൽഹി: 13 പേരുമായി അസാമിൽ നിന്ന് അരുണാചൽ പ്രദേശിലേക്ക് പറന്ന ഇന്ത്യൻ വ്യോമസേനാ വിമാനം യാത്രാമദ്ധ്യേ കാണാതായി. അസാമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് പുറപ്പെട്ട റഷ്യൻ നിർമ്മിത അന്റോണോവ് എ.എൻ -32 യാത്രാ വിമാനമാണ് കാണാതായത്. എട്ട് ജീവനക്കാരും അഞ്ച് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

ഇന്നലെ ഉച്ചയ്ക്ക് 12.25ന് അസാമിലെ ജോഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ നിന്നുള്ള സന്ദേശം അവസാനമായി ലഭിച്ചത് ഉച്ചയ്ക്ക് ഒരു മണിക്കാണ്. അരുണാചൽപ്രദേശിൽ ചൈനയോട് ചേർന്നുള്ള മെചുക വിമാനത്താവളത്തിൽ 50 മിനിട്ടു കൊണ്ട് എത്തേണ്ടതാണ്.

സുഖോയ് യുദ്ധവിമാനത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുകയാണെന്ന് വ്യോമസേന വക്താവ് ലഫ്. കേണൽ പി. ഗോംഗ്സായി അറിയിച്ചു. അതേസമയം, വിമാനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മലനിരകളും വനമേഖലയും ഉൾപ്പെട്ട മെചുകയിൽ ലാൻഡിംഗും ടേക്ക് ഓഫും ക്ലേശകരമാണ്.

 പൊടിപോലും കിട്ടാതെ

അന്നത്തെ മിസിംഗ്

നാല് പതിറ്റാണ്ടായി വ്യോമസേന ഉപയോഗിക്കുന്ന ഇരട്ട എൻജിൻ വിമാനമാണ് എ.എൻ -32. ഇതിനു മുമ്പ് 2016ൽ, ചെന്നൈയിൽ നിന്ന് ആൻഡമാനിലേക്ക് പുറപ്പെട്ട എ.എൻ - 32 വിഭാഗത്തിൽപ്പെട്ട വിമാനം ബംഗാൾ ഉൾക്കടലിന് മുകളിൽ കാണാതായിരുന്നു. 29 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇന്നു വരെയും കണ്ടെത്തിയിട്ടില്ല. കടലിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ഏറ്റവും വലിയ തെരച്ചിൽ വിഫലമാവുകയായിരുന്നു.

'വ്യോമസേനാ വിമാനം കാണാതായത് സംബന്ധിച്ച് ഉന്നതോദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഓരോ യാത്രക്കാരന്റെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു.

- പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്