sabari

കൊല്ലം: ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചോ ഇല്ലയോ എന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ തീരുമാനിക്കട്ടെയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. വി. അരവിന്ദാക്ഷൻ നായർ എഴുതിയ 'ശബരിമല - പുരാവൃത്തം തിരി തെളിച്ച ചരിത്രം' എന്ന പുസ്‌തകം കൊല്ലം പ്രസ് ക്ലബിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലുണ്ടാകുന്ന ചെറിയ കാര്യങ്ങൾ പോലും തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും പ്രതിഫലിക്കുമെന്നും എല്ലാവർക്കും അറിയാവുന്നതാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ നിലനിൽക്കണമെന്ന കാര്യത്തിൽ സംശയമില്ല. ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അതേപോലെ നിലനിറുത്താനും അയ്യപ്പൻമാർക്ക് കൂടുതൽ സൗകര്യമൊരുക്കാനുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. ശബരിമലയിലെ പൂജാക്രമത്തിൽ വലിയ മാറ്റമുണ്ടായി. ലഘു പൂജയുടെയും ലഘു നിവേദ്യത്തിന്റെയും ക്ഷേത്രമായിരുന്നു ശബരിമല. അവൽ, മലർ, തേൻ എന്നിവയും തന്ത്രിമഠത്തിന് താഴെയുള്ള മാവിലെ മാമ്പഴവുമായിരുന്നു പണ്ടത്തെ നിവേദ്യം.

ശബരിമലയുടെ പ്രത്യേകത ശബരിമലയ്‌ക്ക് മാത്രമുള്ളതാണ്. അതിനെ അങ്ങനെ മനസിലാക്കി മുന്നോട്ട് പോകാനാകണം. ഗണപതി അമ്പലത്തിന് നേരെ എതിർവശത്ത് ഹിൽടോപ്പ് എന്ന സ്ഥലത്തിന് ബാലികേറാമലയെന്ന പേര് നൽകാൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്‌ണപിള്ള, മുഞ്ഞിനാട് പത്മകുമാർ തുടങ്ങിയവരും പങ്കെടുത്തു.