ലക്‌നൗ: ഉത്തർപ്രദേശിലെ മഹാസഖ്യത്തിൽ നിന്നും പിന്മാറി ബി.എസ്. പി നേതാവും മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെ തുടർന്നാണ് മായാവതിയുടെ ഈ പുതിയ നീക്കം എന്നാണ് അറിയുന്നത്. അടുത്ത് തന്നെ ഉത്തർ പ്രദേശിൽ നടക്കാൻ പോകുന്ന 11 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സഖ്യമിലാതെ ഒറ്റയ്ക്ക് തന്നെ മത്സരിക്കും എന്നാണു മായാവതി അറിയിച്ചിരിക്കുന്നത്. മാത്രമല്ല, മുൻ നിലപാടിൽ നിന്നും മാറി ഉപതിരഞ്ഞെടുപ്പിൽ മായാവതി മത്സരിക്കും എന്നും സൂചനയുണ്ട്.
എസ്.പി വിട്ട അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവപാൽ യാദവ് കാരണം യാദവ വോട്ടുകളിൽ ചോർച്ച സംഭവിച്ചുവെന്നും, സ്വന്തം ഭാര്യയായ ഡിംപിൾ യാദവിനെ പോലും അഖിലേഷിന് ജയിപ്പിച്ചെടുക്കാൻ ആയില്ലെന്നും മായാവതി നേരത്തെ വിമർശിച്ചിരുന്നു.
'ഈ സഖ്യം കൊണ്ട് ഒരു കാര്യവുമില്ല. യാദവ വോട്ടുകൾ എസ്.പിയിലേക്കാണ് പോയത്. അവരുടെ വോട്ടുകൾ ഞങ്ങൾക്ക് ലഭിച്ചതും ഇല്ല. മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് എസ്.പിക്ക് വോട്ടുകൾ കിട്ടിയത്. അവരുടെ കുടുംബവഴക്കിൽ ഞങ്ങൾ പങ്കാളിയാകില്ല.' മായാവതി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
മഹാസഖ്യം ബി.എസ്.പി വിട്ടു എന്ന ശക്തമായ സൂചന നൽകികൊണ്ട്, 1995ലെ ഗസ്റ്റ് ഹൗസ് സംഭവത്തെക്കുറിച്ചും മായാവതി പരാമർശിച്ചിട്ടുണ്ട്. 1995ൽ ബി.എസ്.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചുകൊണ്ട് മായാവതി ബി.ജെ.പിയോടൊപ്പം ചേർന്നിരുന്നു. ഇതിനെതുടർന്ന് ഏതാനും സമാജ്‌വാദി പാർട്ടി പ്രവർത്തകർ സംസ്ഥാന ഗസ്റ്റ് ഹൗസിൽ വെച്ച് മായാവതിയെ ആക്രമിച്ചിരുന്നു.
അഖിലേഷ് യാദവ് അന്ന് കുട്ടിയായിരുന്നെനും ഈ സംഭവം മറക്കാനാവിലെങ്കിലും താൻ അത് സാരമാക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് മായാവതി ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് എസ്.പിയുമായി വീണ്ടും സഖ്യം ചേർന്നത്. സഖ്യം 2022ലെ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരുമെന്ന് എസ്.പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞിരുന്നു.