പ്രളയാനന്തരം കേരളത്തിലുണ്ടായ രാഷ്ട്രീയ പ്രളയത്തിൽ പെട്ടുപോയ, ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു നിയമം ആരുടെയും ശ്രദ്ധയിൽ പെടാതെ പോകുന്നു - ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്. പൊതുജനങ്ങൾക്കോ ആരോഗ്യപ്രവർത്തകർക്കോ പോലും ഈ നിയമത്തെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ലെന്നതാണ് സത്യം. ചികിത്സാ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താനും അവയെ നിയന്ത്രിക്കാനും ലക്ഷ്യംവെച്ച് കേന്ദ്രസർക്കാർ പാസാക്കിയ നിയമം സംസ്ഥാനങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച് നടപ്പിലാക്കാനായി സംസ്ഥാന നിയമസഭകൾക്ക് വിട്ടിരുന്നു. ചില്ലറ പരിഷ്കാരങ്ങൾ വരുത്തി കേരള നിയമസഭയിൽ ഈ ആക്ട് പാസാക്കുകയും ഇപ്പോൾ അതിൻപടിയുള്ള ചട്ടങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുകയുമാണ്. നിയമത്തിന്റെ അവതരണത്തിന് മുന്നോടിയായി ഇത് പരിശോധിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റിയിലെ മൂന്നംഗങ്ങൾ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ പരിധിയിൽ നിന്ന് 10 കിടക്കകൾക്ക് താഴെയുള്ള ചികിത്സാസ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് വിയോജനക്കുറിപ്പ് എഴുതിയിരുന്നു.
സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് തന്നെ, സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ആവിർഭവിക്കുന്നതിന് മുമ്പ് തന്നെ, നമ്മുടെ സംസ്ഥാനത്തുടനീളം സ്ഥാപിതമായി ചികിത്സ നടത്തി വന്നിരുന്നതാണ് സ്വകാര്യമേഖലയിലെ ചെറുകിട ആശുപത്രികൾ. കടലോരങ്ങളിലും മലയോരങ്ങളിലും കുഗ്രാമങ്ങളിൽപ്പോലും അടിസ്ഥാന യോഗ്യത നേടിയ ഡോക്ടർമാർ ചെറിയ ആശുപത്രികൾ നടത്തിവന്നിരുന്നു. പള്ളിവക മിഷൻ ആശുപത്രികളും ഇതിൽ ഉൾപ്പെടും. അന്നും ഇന്നും വലിയൊരു വിഭാഗം ജനങ്ങൾ ആശ്രയിക്കുന്ന സ്വകാര്യമേഖലയിലെ ഈ ചികിത്സാ സ്ഥാപനങ്ങൾ എണ്ണത്തിൽ നന്നെ കുറവുണ്ടായിരുന്ന സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെക്കാൾ പ്രശസ്തിയും ജനസേവന തികവും നേടിയിരുന്നു.
'കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ" എന്ന ആശയം പ്രാവർത്തികമാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കേരള ഹെൽത്ത് മോഡൽ ആവിർഭവിച്ചതും പാശ്ചാത്യനാടുകളോട് കിടപിടിക്കുന്ന ആരോഗ്യ സൂചികകൾ കേരളത്തിന് സംഭാവന നൽകിയതും എന്നത് പരമാർത്ഥമായ ചരിത്രം. അപ്പോൾ, എന്തിനു വേണ്ടിയാണോ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം പാർലമെന്റിൽ പാസാക്കിയത്, ആ ലക്ഷ്യങ്ങൾ കേരളത്തിൽ സാക്ഷാത്കരിച്ച് കഴിഞ്ഞിരിക്കുന്നു. ഉദാഹരണത്തിന് ശിശുമരണനിരക്ക് ഇതര സംസ്ഥാനങ്ങളിൽ 20 നും 40 നും ഇടയിലാണെങ്കിൽ കേരളത്തിൽ അത് ഒറ്റ സംഖ്യയിലേക്ക് മാറിയിരിക്കുന്നു. അതിനുവേണ്ടി യത്നിച്ച നഗര - ഗ്രാമ വ്യത്യാസമില്ലാതെ പ്രവർത്തിച്ചു വരുന്ന ചെറുകിട ആശുപത്രികളെ ശിക്ഷിക്കാനാണോ ഈ നിയമം കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നത് ? സ്വകാര്യ മേഖലയിലെ വൻകിട ആശുപത്രികളെ ഈ നിയമത്തിലെ പ്രധാന വ്യവസ്ഥാ പരിശോധനയിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്, ഏതെങ്കിലും നിലയിലുള്ള എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ നേടിയിട്ടുണ്ടെങ്കിൽ വ്യാജ ചികിത്സകരെ ഒറ്റപ്പെടുത്താൻ ഈ നിയമത്തിന് കഴിയുമെന്ന് പറയുന്ന സർക്കാർ വ്യാജ ചികിത്സകർ ധാരാളമുള്ള ആയുർവേദ - ഹോമിയോ - സിദ്ധ വിഭാഗങ്ങളിലെ ചികിത്സാ സ്ഥാപനങ്ങളെ പിന്നെ ഉൾപ്പെടുത്താമെന്ന വിചിത്രമായ നിലപാടാണ് എടുത്തിരിക്കുന്നത്. ആയിരത്തിയെണ്ണൂറോളം വരുന്ന, ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ചെറുകിട ആശുപത്രികളെ, ഇപ്പോൾത്തന്നെ നിയന്ത്രിക്കുന്ന നാല്പത്തിയെട്ടോളം ലൈസൻസുകളും നിയമങ്ങളും നിലനിറുത്തിക്കൊണ്ടാണ് പുതിയ നിയമത്തിൻ കീഴിൽ കൊണ്ടുവരുന്നതെന്ന അനീതിയും ഇവിടെ സംഭവിക്കുന്നു.
നിയമങ്ങളുടെ നൂലാമാലകളിൽപ്പെട്ട് അഞ്ഞൂറോളം ആശുപത്രികൾ കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയിൽ പൂട്ടുകയുണ്ടായി. ഈ നിയമം വന്നാൽ കിടത്തി ചികിത്സ നൽകുന്ന കൊച്ചാശുപത്രികൾ ഗ്രാമങ്ങളിൽ നിന്ന് പ്രത്യേകിച്ചും അപ്രത്യക്ഷമാകുമെന്ന് നിസംശയം പറയാം. തൊട്ടടുത്ത് കുറഞ്ഞ ചെലവിൽ ചികിത്സിക്കാൻ കഴിയുന്ന സ്ഥാപനങ്ങൾ സൗഭാഗ്യം പോലെ കരുതുന്ന ഗ്രാമീണർക്കും നഗരവാസികൾക്കും ചെലവേറിയ ആശുപത്രികൾ തേടി പോകേണ്ടതായും വരും.
ഈ വിധം ഭൗതിക സാഹചര്യങ്ങൾ ചികിത്സാ സ്ഥാപനങ്ങളിൽ ഒരുക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയാൽ മാത്രം അതിന് ഫലമുണ്ടാക്കാമെന്നിരിക്കെ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥരെകൊണ്ട് ഡോക്ടർമാരുടെ ചികിത്സാ പരിചയവും സ്ഥാപനങ്ങളും പരിശോധിക്കുന്ന ഈ നിയമം, നിശ്ചയമായും ചെറുകിട ആശുപത്രികളെ ശിക്ഷിക്കുന്ന നടപടിയാണ്. അതിനാൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ പരിധിയിൽ നിന്ന് ചെറുകിട ആശുപത്രികളെ ഒഴിവാക്കുകയാണ് സർക്കാർ ചെയ്യേണ്ട ജനോപകാരപ്രദമായ നടപടി.
( ലേഖകൻ കേരള അസോസിയേഷൻ ഒഫ് സ്മോൾ ഹോസ്പിറ്റൽസ് & ക്ലിനിക്സ് (KASC) ചെയർമാനാണ്.)