ലക്‌നൗ : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉത്തർപ്രദേശിൽ രൂപപ്പെട്ട മഹാസഖ്യത്തിൽ നിന്ന് ബി.എസ്.പി പിന്മാറുന്നുവെന്ന് സൂചന. നടക്കാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ 11 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി ഇന്നലെ വ്യക്തമാക്കി.
യു.പിയിൽ എസ്.പി - ബി.എസ്.പി സഖ്യത്തിന് നേരിട്ട കനത്ത പരാജയത്തെ തുടർന്നാണ് പിന്മാറ്റം. ഡൽഹിയിൽ നടന്ന ബി.എസ്.പി നേതാക്കളുടെ യോഗത്തിലാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നിയമസഭയിലും ഒന്നിച്ചു മത്സരിക്കുമെന്നായിരുന്നു നേരത്തേ എസ്.പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞിരുന്നത്.
എസ്.പിയുമായുണ്ടാക്കിയ സഖ്യം ബി.എസ്.പിക്ക് ഗുണം ചെയ്തില്ലെന്നാണ് പാർട്ടിയിലെ വിലയിരുത്തൽ. യാദവ വോട്ടുകൾ തങ്ങൾക്ക് കിട്ടിയില്ലെന്നും എന്നാൽ തങ്ങളുടെ വോട്ടുകൾ അവർക്ക് കിട്ടിയെന്നും മായാവതി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്.പി - ബി.എസ്.പി സഖ്യത്തിന് 15 സീറ്റ് മാത്രമാണ് നേടാനായത്. എസ്.പിക്ക് അഞ്ചും ബി.എസ്.പിക്ക് 10ഉം.
'മുസ്ലിങ്ങൾ വോട്ടുചെയ്‌ത ഇടങ്ങളിൽ മാത്രമാണ് എസ്.പിക്ക് ജയിക്കാനായത്. അഖിലേഷിന്റെ കുടുംബാംഗങ്ങളായ സ്ഥാനാർത്ഥികൾക്കുപോലും യാദവ വോട്ടുകൾ നേടാനായില്ല. കോൺഗ്രസും ശിവപാൽ യാദവും ചേർന്ന് യാദവ വോട്ടുകൾ ഭിന്നിപ്പിച്ചു. അഖിലേഷിന് തന്റെ ഭാര്യ ഡിമ്പിൾ യാദവിനെ പോലും ജയിപ്പിക്കാൻ കഴിഞ്ഞില്ല. ബന്ധുക്കളായിരുന്ന അക്ഷയ് യാദവും ധർമ്മേന്ദ്ര യാദവും പരാജയപ്പെട്ടു".
- മായാവതി