nipah

കേരളം ഒന്നുകൂടി നിപ്പയോട് പൊരുതാൻ തയാറെടുക്കുമ്പോൾ കരുത്ത് പകർന്ന് 'വൈറസ്' സിനിമയിലെ പ്രോമോ ഗാനം പുറത്തിറങ്ങി. കേരളത്തെ ഭീതിയിലാക്കിയ കോഴിക്കോടുണ്ടായ നിപ്പ രോഗബാധയാണ് ചിത്രം പ്രമേയമാക്കുന്നത്. വീണ്ടും അത്തരം ഒരവസ്ഥയിലേക്ക് കേരളം എത്തുമ്പോൾ ചിത്രത്തിന്റെ പ്രസക്തി ഏറുകയാണ്. ജൂൺ ഏഴിനാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുക. ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് അണിയറപ്രവർത്തകർ 'സ്പ്രെഡ് ലവ്' എന്ന പേരിലുള്ള ഈ ഗാനം ഇപ്പോൾ പുറത്തിറക്കിയത്.

'എന്റെ ചെങ്ങായി. ഇരുട്ടത്താണ്, ഒറ്റയ്ക്കാണ്, എന്നുവെച്ചിട്ട് പേടിക്കാനൊന്നും നിക്കണ്ടാട്ടോ, ഉറക്കെ ഒന്ന് കൂവി നോക്കിയാ മതി, ആരേലുമൊക്കെ തിരിച്ച് കൂവൂലെ, ആരേലുമൊക്കെ വരൂലെ, അങ്ങനെയല്ലേ നമ്മള് ഇവിടെവരെ എത്തിയത്' ഇങ്ങനെ പോകുന്നു 'വൈറസി'ലെ ഗാനം. ധൈര്യവും കരുത്തും സ്നേഹവുമാണ് ഗാനത്തിലൂടെ ചിത്രത്തിന്റെ ശിൽപ്പികൾ ശ്രോതാക്കളിലേക്ക് പകരുന്നത്.

സുഷിൻ ശ്യാമാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗാനം പാടിയിരിക്കുന്നത് ഷെൽഡൻ പിനെറോയും നടി കൂടിയായ മഡോണ സെബാസ്റ്റ്യനും കൂടിയാണ്. ശ്രീനാഥ് ഭാസിയെയും പാട്ടിന്റെ വീഡിയോയിൽ കാണാം. ഒന്നിച്ച് നിന്നാൽ എന്തിനെയും നേരിടാം എന്ന് പറയുന്ന ഗാനം നിപ്പയ്‌ക്കെതിരെ പൊരുതി ജയിച്ചവർക്കുള്ള ബഹുമാനസൂചകമായാണ് നിർമ്മിച്ചിരിക്കുന്നത്. പാർവതി, ടോവിനോ തുടങ്ങിയ ചിത്രത്തിലെ അഭിനേതാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഗാനം പങ്കുവെച്ചിട്ടുണ്ട്.