കൊച്ചി: കൊച്ചിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിക്ക് നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. കൊച്ചിയിൽ വിളിച്ചു ചേർത്ത ഉന്നത തല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
സ്കൂളുകൾ അടച്ചിടുന്ന വിധം അപകടകരമായ ഒരു സാഹചര്യം ഇപ്പോഴില്ല.ഒന്നോ രണ്ടോ ദിവസം കൂടി നോക്കിയ ശേഷം വേണമെങ്കിൽ ഇതേക്കുറിച്ച് സർക്കാർ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
നിപ വൈറസ് ബാധ ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ 4 മുതൽ 14 ദിവസം വരെ സമയം കൊണ്ട് അത് പ്രകടമാവും. മുൻകരുതലെന്ന നിലയിൽ അതിലും ഇരട്ടി ദിവസങ്ങൾ കാത്തിരുന്ന ശേഷമേ വൈറസ് ബാധ മാറിയതായി ഉറപ്പിക്കുന്നുള്ളൂവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കൊച്ചിയിൽ ചികിത്സയിലുള്ള യുവാവിന്റെ രക്തപരിശോധനയിൽ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനാലാണ് പ്രതിരോധ നടപടികൾ ആരംഭിച്ചത്. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിിശോധനാഫലത്തിനായികാത്തിരിക്കുകയാണെന്നും അവർവ്യക്തമാക്കി.