കോഴിക്കോട്: കേട്ടുകേൾവിയില്ലാതിരുന്ന നിപയെ കഴിഞ്ഞ കൊല്ലം കോഴിക്കോട് നേരിട്ടത് ഐക്യം കൊണ്ടാണ്. സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചും പ്രതിരോധ പ്രവർത്തനങ്ങളിൽ ശക്തമായി ഇടപെട്ടുമാണ് കോഴിക്കോടൻ ജനത നിപ്പയെ അതിജീവിച്ചത്. പൊതുപരിപാടികൾ ഇല്ല, സ്‌കൂളുകൾ തുറന്നില്ല, ബസിലും റോഡിലുമെല്ലാം ജാഗ്രതയുടെ മാസ്കുകൾ മാത്രം. ഇപ്പോൾ സംസ്ഥാനം വീണ്ടും നിപയുടെ പിടിയിലാകുമെന്ന ആശങ്ക ഉയരുമ്പോൾ കോഴിക്കോടിനെ മാതൃകയാക്കാം.
ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും കോഴിക്കോട്ടെ ജനതയും ഒരേ മനസോടെ അണിനിരന്നതും ചിട്ടയായ പ്രവർത്തനത്തനവുമാണ് നിപയെ തല്പിക്കാൻ സഹായകമായത്. മേയ് 17ന് ചങ്ങോരത്ത് പഞ്ചായത്തിലെ ഒരു കുടുംബത്തിലെ രണ്ട് പേർക്ക് ഒരേ രോഗ ലക്ഷണങ്ങൾ ഉണ്ടെന്നും ഒരാൾ മരിച്ചെന്നും വാർത്തകൾ പുറത്ത് വന്നതോടെയാണ് കോഴിക്കോട്ടുകാരുടെ ആശങ്കയ്ക്ക് തുടക്കമാകുന്നത്. രോഗ കാരണം നിപ വൈറസ് ആകാനുള്ള സാദ്ധ്യത വന്നതോടെ ആരോഗ്യ ഡയറക്ടർ ആർ.എൽ.സരിത കോഴിക്കോടെത്തി നിയന്ത്രണം ഏറ്റെടുത്തു. ആദ്യം രോഗം വന്ന് മരിച്ച ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിത്തിന്റെ വീട്ടിൽ പരിശോധന നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും മൃഗസംരക്ഷണ വകുപ്പിനും നിർദ്ദേശം നൽകിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് ദ്രുതകർമ സേനയെ സജ്ജീകരിച്ചു.
19 ന് ജില്ലാ കളകട്‌റുടെ യോഗം ചേർന്നു. 20 ന് തന്നെ ടാസ്‌ക് ഫോഴ്‌സ് വിളിച്ച് ആശുപത്രി ജീവനക്കാർക്ക് ഉൾപ്പെടെ പ്രതിരോധ പരിശീനം നൽകി. ബേബി മെമ്മേറിയൽ ആശുപത്രിയിൽ നിന്ന് അയച്ച സാമ്പിൾ പോസറ്റീവ് ആയതോടെ നിപ സ്ഥിരീകരിക്കപ്പെട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ വാർഡ് സജ്ജീകരിച്ചു. പനി ക്ലിനിക്കുകൾ ആരംഭിച്ചു.
മെഡിക്കൽകോളേജ് ആശുപത്രിയിലെ ജനത്തിരക്ക് കുറച്ച് പ്രവർത്തനം കാര്യക്ഷമമാക്കി. ജനറൽ ആശുപത്രികളിൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സേവനം ലഭ്യമാക്കിയാണ് ഇത് ആസൂത്രണം ചെയ്തത്. മലേഷ്യയിൽ നിന്നും ആസ്ട്രേലിയയിൽ നിന്നും പ്രതിരോധ മരുന്നുകൾ എത്തിച്ചു.
രോഗവ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടവരെയെല്ലാം തിരിച്ചറിയുക എന്ന വെല്ലുവിളി നാട്ടുകാരുടെ സഹകരണത്തോടെ ആരോഗ്യ പ്രവർത്തകർ ഏറ്റെടുത്തു. സമ്പർക്ക ലിസ്റ്റ് അനുസരിച്ച് അവരെ നിരീക്ഷിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഓരോ വിഭാഗത്തിന് വീതിച്ചുനൽകി. അതിനൊപ്പം കൃത്യമായ മേൽനോട്ടവും ഉണ്ടായിരുന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസ് ആരോഗ്യ ഡയറക്ടറുടെ ക്യാമ്പ് ഓഫീസായി മാറ്റിയാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. 24 മണിക്കൂറും ചർച്ചകൾ, തീരുമാനങ്ങൾ,അവലോകനങ്ങൾ എന്നിവ നടത്തി. കൺട്രോൾ റൂം തുറന്നു. വിവിധ ദേശീയ സംഘങ്ങൾക്ക് വേണ്ട സൗകര്യം ഒരുക്കുകയും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.