അഹമ്മദാബാദ്: താൻ മർദിച്ച യുവതിയുടെ കൈയിൽ രാഖി കെട്ടി ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ ബൽറാം തവാനി. യുവതി തന്റെ സഹോദരി ആണെന്നും സംഭവിച്ച തെറ്റിന് താൻ യുവതിയോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും തവാനി പറഞ്ഞു. ഇന്നലെയാണ് എൻ.സി.പി. പ്രവർത്തകയായ നിതു തേജ്‌വാനിയെ ബി.ജെ.പി എം.എൽ.എ പൊതുവഴിയിലിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തത്. ക്രൂരമായ മർദ്ദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇന്നലെ വൈറലായിരുന്നു.
വീഡിയോയിൽ ബൽറാം തവാനിയുടേയും കൂട്ടാളികളുടേയും തല്ലുകൊണ്ട്, നിതു അലമുറയിടുന്നതും അത് വകവയ്ക്കാതെ തവാനി നിതുവിനെ തുടർന്നും ദാക്ഷ്യണ്യമില്ലാതെ ഉപദ്രവിക്കുന്നതും കാണാം. ഗുജറാത്തിലെ നരോദയിൽ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് അതിനുള്ള പരിഹാരത്തിനായി സമരം നയിക്കുകയായിരുന്നു നിതു.
വിഷയത്തെക്കുറിച്ച് എം.എൽ.എയോട് സംസാരിക്കാൻ ചെന്ന നിതുവിനെ ഒന്നും മിണ്ടാതെ ഇയാൾ ആക്രമിക്കുകയായിരുന്നു. നിതുവിനെ ഉപദ്രവിക്കുന്നത് കണ്ട് ഓടിയെത്തിയ ഭർത്താവിനെയും തവാനിയും കൂടെയുള്ളവരും ചേർന്ന് മർദിച്ചു. നിതുവിനോടൊപ്പം സമരം ചെയ്യാനുണ്ടായിരുന്ന മറ്റ് സ്ത്രീകളേയും തവാനി ആക്രമിച്ചുവെന്നും നിതു പറഞ്ഞിരുന്നു. അവർ പൊലീസിൽ പരാതിയും കൊടുത്തിരുന്നു.
സംഭവിച്ചതിൽ തനിക്ക് പശ്ചാത്താപമുണ്ടെന്ന് പറഞ്ഞാണ് നിതുവിന്റെ വീട്ടിലേക്ക് തവാനി മധുരവും രാഖിയുമായി എത്തുന്നത്. നിതുവിനെ കണ്ടതിന് ശേഷം എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്നും ബൽറാം തവാനി മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ നിതുവിന്റെ പാർട്ടിയായ എൻ.സി.പി വിഷയം അങ്ങനെ പെട്ടെന്ന് അവസാനിപ്പിക്കാൻ തയ്യാറല്ല. തവാനിയെ അറസ്റ്റ് ചെയ്യണമെന്നും, ക്ഷമ പറഞ്ഞത് കൊണ്ടുമാത്രം പ്രശ്‌നം തീരില്ലെന്നുമാണ് എൻ.സി.പി. പറയുന്നത്. വിഷയത്തിൽ ബി.ജെ.പി തവാനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.