abhay

ജയ്പൂർ: 12-ാംക്ലാസിൽ തോറ്റു. പക്ഷേ, ''ഐ.പി.എസുകാരൻ". എന്തിനേറെ ഐ.പി.എസ്, ഐ.ഐ.ടി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ക്ലാസുകൾ പോലുമെടുക്കും. ജയ്പൂരിൽ കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായ അഭയ് മീണ എന്ന 20കാരനെ ചോദ്യംചെയ്തപ്പോഴാണ് ആൾമാറാട്ടത്തിന്റെയും തട്ടിപ്പിന്റെയും പുതിയതലങ്ങൾ പുറത്തുവരുന്നത്. തട്ടിപ്പിനൊടുവിൽ പിടിക്കപ്പെട്ടതോ, തിരിച്ചറിയൽ കാർഡിലെ അക്ഷരത്തെറ്റ് കണ്ടുപിടിച്ചതോടെ. തുടർന്ന് നടത്തിയ അന്വേഷണമാണ് അഭയ് മീണയെ കുടുക്കിയത്.

പൊലീസിന്റെ സ്‌പെഷൽ ഓപ്പറേഷൻ ഗ്രൂപ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പല സ്ഥലങ്ങളിലും പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനെ സാമ്പത്തിക തട്ടിപ്പുകളും നടത്തിയിരുന്നു. അന്വേഷണ സംഘം വിവിധ സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തിയ ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ.പി.എസ് ഉദ്യോഗസ്ഥനായി ജയ്പൂരിൽ ജോലി ചെയ്യുകയാണെന്നും ഐ.ഐ.ടി ഡൽഹിയിൽ നിന്ന് ബിരുദം നേടിയെന്നും ബി.ടെക് ബിരുദമുണ്ടെന്നുമായിരുന്നു ഇയാളുടെ അവകാശവാദം. സാമൂഹിക മാദ്ധ്യമങ്ങളിലും ഏറെപ്പേർ ഇയാളെ ഫോളോ ചെയ്യുന്നുണ്ട്.


ഇതിനൊക്കെ പുറമെ, മൂന്ന് നക്ഷത്രങ്ങൾ ഘടിപ്പിച്ച്‌ സർക്കാർ വാഹനമെന്ന ബോർഡുവച്ചായിരുന്നു യാത്രകളിലധികവും. തീർന്നില്ല, ഫാഷൻ ഷോകൾ, വിദ്യാഭ്യാസ സെമിനാറുകൾ അങ്ങനെ എല്ലായിടത്തെയും സ്ഥിരംസാന്നിദ്ധ്യവും.