കൊല്ലം: ലഹരി കടത്തുകാരെ തെരഞ്ഞുള്ള അന്വേഷണത്തിനിടെ എക്സൈസ് ഉദ്യോഗസ്ഥരും കഞ്ചാവ് മാഫിയയും തമ്മിൽ ഏറ്റുമുട്ടി. തിരുവനന്തപുരം കല്ലിയൂർ കാക്കാമൂലയിലെ കഞ്ചാവ് മാഫിയയുടെ രഹസ്യ താവളത്തിൽ നടന്ന സംഘട്ടനത്തിൽ ഒരു എക്സൈസ് ഉദ്യോഗസ്ഥന് കുത്തേറ്റു. ഗുണ്ടാസംഘാംഗങ്ങളായ രണ്ട് സഹോദരങ്ങൾ കഞ്ചാവുമായി പിടിയിലായി.
തിരുവനന്തപുരം കാക്കാമൂല ഇളവിൻവിള വീട്ടിൽ അഖിൽ ദേവ് (29), സഹോദരൻ അഭിൽദേവ് (24) എന്നിവരാണ് പിടിയിലായത്. കുത്തേറ്റ സിവിൽ എക്സൈസ് ഓഫീസർ ടോമി, ഏറ്റുമുട്ടലിനിടെ മർദ്ദനമേറ്റ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർ ഷിഹാബ്, സിവിൽ എക്സൈസ് ഓഫീസർ പ്രസന്നൻ എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരത്ത് നിന്ന് ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് അതിർത്തിയായ പാരിപ്പള്ളിയിൽ ഞായറാഴ്ച രാത്രി എട്ടരയോടെ എക്‌സൈസ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരുമെത്തിയത്. ഇവിടെ നടത്തിയ തെരച്ചിലിലാണ് പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളിന് മുന്നിൽ വച്ച് ഇടപാടുകാർക്ക് കൈമാറാനായി ഒന്നര കിലോ കഞ്ചാവുമായി കാത്തുനിന്ന അഖിൽദേവ് പിടിയിലായത്. അഖിൽ ദേവിനെ ചോദ്യം ചെയ്തപ്പോൾ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായി. പിടിച്ചെടുത്ത കഞ്ചാവിന്റെ ബാക്കി സഹോദരനായ അഭിൽ ദേവിന്റെ പക്കലുണ്ടെന്നും ഇപ്പോൾ കല്ലിയൂർ കാക്കാമൂലയിലെ വാഴത്തോട്ടത്തിൽ ഉണ്ടാകുമെന്നും വെളിപ്പെടുത്തി. തുടർന്ന് എക്‌സൈസ് സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
രാത്രി പത്തരയോടെ കാക്കാമൂലയിലെ വാഴത്തോട്ടത്തിലെത്തിയപ്പോൾ അഞ്ച് പേരടങ്ങുന്ന സംഘം ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഇവിടെയെത്തിയാൽ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തന്നെ മോചിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അഖിൽദേവ് ഉദ്യോഗസ്ഥരെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയത്. കത്തിയും മാരകായുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തിനിടെയാണ് മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. അഭിൽദേവിനെ സാഹസികമായി പിടികൂടിയെങ്കിലും മറ്റ് നാല് പേർ രക്ഷപ്പെട്ടു. ഒന്നരക്കിലോ കഞ്ചാവ് കണ്ടെടുത്തു.
എക്‌സൈസ് ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പരിക്കേറ്റവർക്ക് പുറമെ ഇന്റലിജൻസ് ഉദ്യോഗസ്ഥരായ ദിലീപ് .സി.പി, റെജി .ജെ, സഹീർ ഷാ, പ്രിവന്റീവ് ഓഫീസർ നിഷാദ്, സി.ഇ.ഒ മാരായ മനു കെ. മണി, അനിൽകുമാർ, ശ്രീകുമാർ, സോണിഷ സോമൻ, ഡ്രൈവർ ശിവപ്രകാശ് എന്നിവരും പങ്കെടുത്തു. സാഹസികമായി പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മിഷണർ അഭിനന്ദിച്ചു.