കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ വൻ അഴിമതി നടന്നുവെന്ന വിജിലൻസ് എഫ്.ഐ.ആർ. ക്രമക്കേട് നടന്നെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെതുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ്. കരാറുകാരുമായി ചേർന്ന് ഉദ്യോഗസ്ഥർ ഒത്തുകളിച്ചുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്തു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെയും കിറ്റ്ക്കോയിലെയും ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തത്. നാളെ മൂവാറ്റുപുഴ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിക്കും,
നിലവാരമില്ലാത്ത സിമന്റാണ് പാലം നിർമ്മാണത്തിന് ഉപയോഗിച്ചതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ആവശ്യത്തിന് കമ്പികൾ ഉപയോഗിച്ചില്ലെന്നും അമിതലാഭം ഉണ്ടാക്കാൻ പാലത്തിന്റെ ഡിസൈൻ മാറ്റിയെന്നും റിപ്പോർട്ടിലുണ്ട്. പാലത്തിൽ നിന്നും വിജിലൻസ് ശേഖരിച്ച കോൺക്രീറ്റിന്റെയും കമ്പിയുടെയുമടക്കമുള്ള സാംപിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലും ക്രമക്കേട് ബോദ്ധ്യമായിരുന്നു. വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ കേസെടുക്കാൻ തീരുമാനിക്കുകയായിരുന്നു.