gowda

ബംഗലുരു: കർണാടകത്തിൽ നിലവിലുള്ള കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ തകർന്നാൽ ബി.ജെ.പി പരിഹാരം കണ്ടെത്തുമെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. കർണാടകത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാകും ബി.ജെ.പി ഇങ്ങനെയൊരു അവസ്ഥയിൽ പരിഹാരം കണ്ടെത്തുകയെന്നും സദാനന്ദ ഗൗഡ പറഞ്ഞു. എന്നാൽ നിലവിൽ ഈ കാര്യത്തിൽ രാഷ്ട്രീയ ഇടപെടലുകളൊന്നും ബി.ജെ.പി നടത്തുന്നില്ലെന്നും ഗൗഡ വ്യക്തമാക്കി.

'അവർ(കോൺഗ്രസ്- ജെ.ഡി.എസ്) എന്ത് വേണമെങ്കിലും ചെയ്യട്ടെ. സർക്കാരിനെ മറിച്ചിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തിന്റെ വികസനത്തിന്റെ ഒപ്പമാണ് ബി.ജെ.പി. എന്നാൽ സർക്കാർ തനിയെ താഴെ വീണാൽ ഞങ്ങൾ ഉത്തരവാദികളല്ല. അങ്ങനെ വീഴുകയാണെങ്കിൽ അതിന് ഒരു പരിഹാരം കണ്ടെത്തേണ്ടത് ഞങ്ങളുടെ കടമയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ ഞങ്ങൾ അത് ചെയ്യും. ആ കാഴ്ചപ്പാടോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.' ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ, ബി.ജെ.പി. കർണാടകയിലെ സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ് എന്ന ആരോപണത്തെ സദാനന്ദ ഗൗഡ നിഷേധിച്ചു. നേരത്തെ, കർണാടകയിലെ സർക്കാരിനെ അട്ടിമറിക്കാൻ ഒരു രീതിയിലും ശ്രമിക്കരുതെന്ന് തങ്ങൾക്ക് നിർദ്ദേശമുണ്ടെന്ന് ബി.എസ്. യെദിയൂരപ്പയും സമ്മതിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ലോക്സഭാ സീറ്റുകളായ 28ൽ 25ഉം ബി.ജെ.പി തൂത്തുവാരിയിരുന്നു. ഇതിന് ശേഷമാണ് നേരത്തെ തന്നെ മുറുമുറുപ്പുകൾ ഉണ്ടായിരുന്ന കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലെ വിള്ളലുകൾ വർദ്ധിക്കുന്നത്.