തന്റെ കടുകട്ടി ഇംഗ്ലീഷിന്റെ പേരിൽ അൽപ്പസ്വൽപ്പം വിമർശനവും കളിയാക്കലും അതിന്റെ കൂടെ കുറച്ച് പ്രശംസയും കിട്ടിയ ആളാണ് നടനും ഇപ്പോൾ സംവിധായകുമായ പൃഥ്വിരാജ്. ഇംഗ്ളീഷിന്റെ പേരിൽ മാത്രമല്ല, ആരാധകരുടെ രസകരമായ ചോദ്യങ്ങൾക്കും ട്രോളുകൾക്കുമൊക്കെയുള്ള പ്രിഥ്വിയുടെ ഇടയ്ക്കുള്ള മറുപടികളും വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു ആരാധികയുടെ സംശയവും പ്രിത്വിരാജ് ഇല്ലാതാക്കിയിരിക്കുകയാണ്.
തന്റെ സിനിമാ സംവിധാനത്തിനിടെ എടുത്ത ഒരു ചിത്രം പൃഥ്വി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് 'ബിയാ ദ ഹാമർ ഗേൾ' എന്ന ഇൻസ്റ്റാഗ്രാം പേരുള്ള ആരാധികയ്ക്ക് സംശയം മുളപൊട്ടിയത്. പ്രിത്വിരാജിന്റെ നിറം കുറഞ്ഞു എന്ന് സൂചിപ്പിച്ചുകൊണ്ട് 'കറുത്ത് പോയോ' എന്നാണ് ആരാധിക ചോദിച്ചിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ ഉടൻ തന്നെ പ്രിത്വി മറുപടിയും നൽകി. 'നല്ല വെയിലല്ലേ' എന്നായിരുന്നു അദ്ദേഹത്തിന്റെ കൗണ്ടർ.
മറുപടി വന്നതോടെ തങ്ങൾക്കും പ്രിത്വിയുടെ റിപ്ലൈ വേണമെന്ന വാശിയുമായി നിരവധി ആരാധകർ കമന്റ് ബോക്സിലേക്ക് ഇരച്ചെത്തി. 'എന്നിട്ടും ഗ്ളാമറിന് ഒരു കുറവും ഇല്ലല്ലോ' എന്നും 'ഒരു ഹായ് തരുമോ' എന്നെല്ലാം ചോദിച്ച് പൃഥ്വിയെ സോപ്പിടാനാണ് ചിലർ നോക്കിയതെങ്കിൽ, 'തള്ളാണോ' എന്ന് ചോദിച്ച് പ്രിത്വിരാജിനെ ഒന്ന് ആക്കാനാണ് മറ്റു ചിലർ ശ്രമിച്ചത്. 'ഹാമർ ഗേളി'ന്മാത്രമേ മറുപടി നൽകുള്ളോ' എന്ന് ചോദിച്ച് ചിലർ പരിഭവിക്കുന്നതും കാണാം.