kk-shailaja

കൊച്ചി: കൊച്ചിയിൽ ചികിത്സയിലുള്ള എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ രക്തസാമ്പിളിന്റെ പരിശോധനാഫലം ചൊവ്വാഴ്ച ലഭിക്കും. നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയിക്കാനായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ വാർത്താസമ്മേളനം നടത്തും.

നിപ വൈറസ് ബാധ സംശയിക്കുന്ന യുവാവിന്റെ രക്തസാമ്പിളിന്റെ പരിശോധന ഫലത്തെ സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെ മന്ത്രി വിശദീകരിക്കാനാണ് സാദ്ധ്യത.

രോഗിയുമായി ബന്ധപ്പെട്ട 86പേർ നിരീക്ഷണത്തിലാണ്. രോഗം സംശയിക്കുന്ന ആളുമായി ബന്ധപ്പെട്ട 86പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ആശങ്കയുളവാക്കുന്ന വാർത്തകൾ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

എന്ത് സാഹചര്യം ഉണ്ടായാലും നേരിടാൻ സർക്കാർ സംവിധാനങ്ങളും ആരോഗ്യ വകുപ്പും സജ്ജമാണ്. മികച്ച ചികിത്സാ സൗകര്യങ്ങളും ആവശ്യത്തിന് മരുന്നുകളും ഒരുക്കിയിട്ടുണ്ടെന്നും കൊച്ചിയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി അറിയിച്ചു.

കളക്ടറുടെ ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കൺട്രോൾ റൂം മുഖേന പൊതുജനങ്ങൾക്ക് സംശയ നിവാരണം നടത്താം. 1077 എന്ന നമ്പറിൽ വിളിച്ചാൽ വിവരങ്ങൾ ലഭ്യമാകും. 1056എന്ന ആരോഗ്യവകുപ്പിന്റെ നമ്പറിലും സംശയങ്ങൾക്കായി വിളിക്കാം.

അതേസമയം നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണങ്ങൾ നടത്താതിരിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെന്നും എല്ലാവർക്കും അവബോധം ഉണ്ടാകേണ്ടതാണ്. കഠിനമായ ചുമയും പനിയും ഉണ്ടെങ്കിൽ ആരും മറച്ച് വയ്ക്കരുതെന്നും എത്രയും പെട്ടന്ന് ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി