നാസിക്ക്: ജനിച്ചത് പെൺകുഞ്ഞ് ആയതിനാൽ കുഞ്ഞിനെ അടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി ഒരു അമ്മ. മഹാരാഷ്ട്രയിലെ നാസിക്കിലെ വൃന്ദാവൻ നഗറിൽ മേയ് 31നാണ് സംഭവം നടന്നത്. മൂന്നാം തവണയും പെൺകുഞ്ഞ് ജനിച്ചതിൽ അമ്മയായ അനുജാ കാലേ അസ്വസ്ഥയായിരുന്നുവെന്നും മൂർച്ചയിലാത്ത വസ്തുകൊണ്ട് കുഞ്ഞിനെ അടിച്ചും ശ്വാസം മുട്ടിച്ചുമാണ് ഇവർ കൊല നടത്തിയതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. 'പിയു' എന്നായിരുന്നു കുഞ്ഞിന്റെ പേര്. പത്ത് ദിവസം മാത്രമായിരുന്നു പ്രായം.
അനുജായുടെ ഭർത്താവായ ബാലാസാഹെബ് കാലേ പുറത്ത് പോയിരുന്ന സമയത്താണ് അനുജാ ഈ ക്രൂരകൃത്യം നടപ്പിലാക്കിയത്. കുഞ്ഞിനെ കൊന്നതിന് ശേഷം ഉടനെ തന്നെ അനുജാ ഭർത്താവിനെ വിളിച്ചു. കുഞ്ഞ് ചലനമില്ലാതെ കിടക്കുകയാണെന്നും പെട്ടെന്നെത്തണമെന്നുമാണ് അനുജാ ഭർത്താവിനോട് പറഞ്ഞത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നേരത്തെ തന്നെ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
കുഞ്ഞിന്റെ മരണത്തെക്കുറിച്ച് സംശയമുണ്ടായിരുന്ന ബാലാസാഹെബ് അധികം താമസിയാതെ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന്, നടന്നത് കൊലപാതകമാണെന്നും അനുജായാണ് കുറ്റക്കാരിയെന്നും കണ്ടെത്തിയ പൊലീസ് അവരെ അറസ്റ്റ് ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ തലയ്ക്കാണ് അടിയേറ്റത് എന്നും ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും കണ്ടെത്തി. ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളാണ് ഇനി മക്കളായിട്ട് ഉള്ളത്.