തിരുവനന്തപുരം: കോർപറേഷന്റെ നേതൃത്വത്തിൽ നഗരത്തിൽ നാളെ മുതൽ ഒരാഴ്ചക്കാലം പരിസ്ഥിതി വാരം ആചരിക്കും. ആഗോളതാപനത്തിന്റെ ഫലമായുള്ള കാലാവസ്ഥാ വ്യതിയാനം ഏറെ കെടുതികൾക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് പരിസ്ഥിതി വാരാചരണം സംഘടിപ്പിക്കുന്നത്. നഗരമാലിന്യങ്ങളുടെ വേർതിരിച്ചുള്ള ശേഖരണം, പരിസ്ഥിതി സൗഹൃദപരമായ ഉറവിടമാലിന്യ സംസ്കരണ പ്രവർത്തനം എന്നിവയ്ക്കൊപ്പം കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കൽ, പ്രകൃതിവിഭവ സംരക്ഷണം, പരിസ്ഥിതിസംരക്ഷണം എന്നിവ സംബന്ധിച്ച ബോധവത്കരണവും ലക്ഷ്യമിട്ടാണ് നഗരസഭ പരിസ്ഥിതി വാരാചരണം സംഘടിപ്പിക്കുന്നത്. ജൂൺ 5 മുതൽ 11 വരെയാണ് വാരാചരണം.
നാളെ മേയറുടെ യാത്ര സൈക്കിളിലും ബസിലും
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നാളത്തെ യാത്രകൾക്ക് മേയർ വി.കെ. പ്രശാന്ത് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കില്ല. വായു മലിനീകരണത്തെ തടയുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ ആശയം. ഇതിന്റെ പ്രചാരണാർത്ഥം പരിസ്ഥിതി ദിനത്തിലെ യാത്രകൾ പൊതുഗതാഗത സംവിധാനത്തിലോ സൈക്കിളിലോ ആയിരിക്കും. ഈ ദിവസം നഗരവാസികളും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും മേയർ ആവശ്യപ്പട്ടു. ഇത് കൂടാതെ അഞ്ച് മുതൽ 11 വരെ പരിസ്ഥിതി വാരാചരണവും തിരുവനന്തപുരം കോർപറേഷൻ സംഘടിപ്പിച്ചിട്ടുണ്ട്. മാലിന്യവും കരിയിലയും കത്തിക്കുന്നതിനെതിരെയുള്ള ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ഉറവിട മാലിന്യ സംസ്കരണത്തിനുള്ള സഹായങ്ങളും നൽകും.
ഒരാഴ്ച്ച: പത്തിലേറെ പരിസ്ഥിതി സൗഹൃദ പരിപാടികൾ
ജൈവമാലിന്യ സംസ്കരണത്തിനുള്ള വിവിധ സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നതിനായി ജൂൺ 5 മുതൽ 10 വരെ പാളയം കണ്ണിമേറാ മാർക്കറ്റിനു മുൻവശം കമ്പോസ്റ്റിംഗ് മേള
ഉറവിട മാലിന്യ സംസ്കരണത്തിനായി ബയോ കമ്പോസ്റ്റർ ബിന്നുകൾ കൂടുതൽ വീടുകളിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യമിട്ട് 25 ഹെൽത്ത് സർക്കിൾ ഓഫീസുകളിലും ജൂൺ 5 മുതൽ 10 വരെ ബയോകമ്പോസ്റ്റർ കിയോസ്കുകൾ ആരംഭിക്കും.
കരിയിലകൾ ശേഖരിച്ച് എയ്റോബിക് ബിന്നുകളിൽ കമ്പോസ്റ്റിംഗിനായി പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് കരിയിലപ്പെട്ടികൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ജൂൺ 6ന് നടക്കും.
നഗരസഭയുടെ അജൈവ മാലിന്യശേഖരണ കലണ്ടറിൽ ഉൾപ്പെട്ടിട്ടുള്ള അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് പ്രധാന കേന്ദങ്ങളിൽ കളക്ഷൻ ഹബ്ബുകൾ ഒരുക്കും. സെൽഫി പോയിന്റ്, ഗെയ്മിംഗ് ഏരിയ, പ്രകൃതിസൗഹൃദ വസ്തുക്കളുടെ വിപണന കൗണ്ടർ എന്നിവ ഉണ്ടായിരിക്കും. ഉദ്ഘാടനം 7ന്.
മാലിന്യം കൂടിക്കിടക്കുന്ന സ്ഥലങ്ങളിൽനിന്ന് അവ തരംതിരിച്ച് ശേഖരിച്ച് വൃത്തിയാക്കി പരിപാലനം ചെയ്യുന്ന മെഗാക്ലീനിംഗ് കാമ്പെയിന് 8ന് തുടക്കമാകും.
പരിസ്ഥിതി വാരാചരണത്തിന്റെ സന്ദേശം വിളിച്ചറിയിച്ച് ഇൻഡസ് സൈക്ലിംഗ് എംബസിയുടെ സൈക്കിൾറാലി 9ന്.
നഗരസഭയുടെ എല്ലാ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിലും പ്രത്യേക ശേഖരണ കേന്ദ്രങ്ങളിലും പ്ലാസ്റ്റിക്, ട്യൂബ്ലൈറ്റ്, സി.എഫ്.എൽ, ബൾബ് എന്നിവ ശേഖരിക്കും. ജൂൺ 9ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ. എം.ആർ.എഫ്, പ്രത്യേക ശേഖരണ കേന്ദ്രങ്ങൾ എന്നിവയുടെ ലിസ്റ്റ് സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പിൽ ലഭ്യമാണ്.
നഗരത്തിലെ വൃക്ഷങ്ങളിൽ കമ്പി, പ്ലാസ്റ്റിക്, കയർ എന്നിവ അപകടകരമായും വികൃതമായും കെട്ടിയിട്ടുള്ളത് ഒഴിവാക്കുന്നതിനായി ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ കാമ്പെയിൻ 11ന് രാവിലെ 7 മുതൽ 10 വരെ.
പരിസ്ഥിതി ദിനാചരണം സമാപന സമ്മേളനവും, നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർക്കുള്ള വാക്കിടോക്കി സംവിധാനം, സ്വകാര്യ സെപ്റ്റേജ് വാഹനങ്ങൾക്കുള്ള ലൈസൻസിംഗ്, പരിഷ്കരിച്ച സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽആപ്പ് എന്നിവയുടെ ഉദ്ഘാടനവും 11ന് വി.ജെ.ടി ഹാളിൽ