തിരുവനന്തപുരം: ഓർമ്മകൾക്ക് ജീവൻ നൽകുന്ന മികച്ച ചിത്രങ്ങൾ എന്നും മനസിൽ തങ്ങി നിൽക്കുന്നവയാണ്. അത്തരം ചിത്രങ്ങൾ പകർത്തുന്നിടത്താണ് ഒരു ഫോട്ടോഗ്രാഫറുടെ വിജയം. ചരിത്രം മറക്കാത്ത നിരവധി നല്ല ചിത്രങ്ങൾ പകർത്തി തലമുറകളിലേക്ക് കൈമാറിയ കെവിൻ കാർട്ടർ അടക്കം നിരവധി ഫോട്ടോഗ്രാഫർമാരെയും അവരുടെ ചിത്രങ്ങളും ലോകം തന്നെ മാറ്റിമറിച്ചിട്ടുണ്ട്. അത്തരത്തിൽ പുതുതലമുറയ്ക്ക് ഫോട്ടോഗ്രഫിയുടെ വാതായനങ്ങൾ തുറന്നുകാട്ടാൻ ബേസിക് ഫോട്ടോഗ്രഫി വർക്ക്ഷോപ്പ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് വിഖ്യാത ഫോട്ടോഗ്രാഫറും തിരുവനന്തപുരം സ്വദേശിയുമായ മഹേഷ് ഹരിലാൽ.
സൗന്ദര്യ ബോധം, മത്സര ബുദ്ധി, വേഗത തുടങ്ങിയ കഴിവുകൾ ഉള്ളവർക്ക് ശോഭിക്കാൻ പറ്റുന്ന മേഖലയാണ് ഫോട്ടോഗ്രഫിയെന്ന് ഹരിലാൽ പറയുന്നു. ചിത്രകല പോലെ തന്നെ ഫോട്ടോഗ്രഫിയും ഒരു ക്രിയേറ്റീവ് ആർട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും ചിത്രങ്ങൾ എടുക്കാൻ താത്പര്യമുള്ളവർക്കും വർക്ക്ഷോപ്പിന്റെ ഭാഗമാകാം. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ 8, 9 തീയതികളിലാണ് വർക്ക്ഷോപ്പ് നടക്കുന്നത്. രാവിലെ 10 മുതൽ 5 വരെ. ഫോട്ടോ എടുക്കാൻ ആവശ്യമായ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തൽ, ഫ്ളാഷിന്റെയും ലൈറ്റിന്റെയും ഉപയോഗം അടക്കം പോസ്റ്റ് പ്രോസസിംഗ് വരെ വർക്ക്ഷോപ്പിൽ ചർച്ചചെയ്യും. രജിസ്ട്രേഷന് ഫോൺ: 9895076307.