തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിന് മാസ്റ്റർ പ്ളാൻ തയ്യാറായി. 450 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ രൂപരേഖ അംഗീകാരത്തിനായി സർക്കാരിന് സമർപ്പിച്ചു. പദ്ധതിക്ക് സർക്കാർ അനുമതി നൽകിയാൽ നഗരത്തിലെ പുരാതനവും ആയിരക്കണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രവുമായ ജനറൽ ആശുപത്രിയിൽ സ്പെഷ്യാലിറ്റി ഒ.പികളുൾപ്പെടെ മെഡിക്കൽ കോളേജിന് സമാനമായ ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കാനാകുമെന്നതാണ് നേട്ടം.
സൂപ്പർ സ്പെഷ്യാലിറ്റിക്കായി 25000 ചതുരശ്ര അടി വലിപ്പമുള്ള ഏഴുനില കെട്ടിടം പണികഴിപ്പിക്കാനാണ് പദ്ധതിയിടുന്നത്. പുരാവസ്തുവകുപ്പിന് കീഴിലുള്ള നിരവധി പൈതൃക കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന ഇവിടെ ഇവ പൊളിച്ചുനീക്കാതെയാകും സ്പെഷ്യാലിറ്റി ബ്ളോക്കിന്റെ നിർമ്മാണം. ആശുപത്രിയിൽ ജീർണാവസ്ഥയിലായ മൂന്ന് മുതൽ ഏഴു വരെ വാർഡുകൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഇതിനായി തീരുമാനിച്ചിട്ടുള്ളത്. പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയശേഷം ഈ സ്ഥലവും പഴയ കിച്ചണും സ്പെഷ്യാലിറ്റി ബ്ളോക്കിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കും. കിഫ്ബിയിൽ നിന്നാകും ഇതിനാവശ്യമായ തുക ലഭ്യമാക്കുക.
നേട്ടങ്ങൾ
സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് യാഥാർത്ഥ്യമാകുന്നതോടെ സ്ഥലപരിമിതിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം എല്ലാവിഭാഗം സ്പെഷ്യാലിറ്റി ഒ.പികളും അവയുടെ ഐ.സി യൂണിറ്റുകളും ഇതിനുള്ളിൽ ആരംഭിക്കാൻ കഴിയും. നിലവിൽ മെഡിക്കൽ, കാർഡിയോളജി, സർജിക്കൽ ഐ.സി.യുകൾ മാത്രമാണ് പരിമിതമായ കിടക്കകളോടെ ഇവിടെയുള്ളത്. ഇത് കൂടാതെ കാർഡിയോ തെറാസിക്, ന്യൂറോസർജറി, ട്രാൻസ് പ്ളാന്റേഷൻ ഐ.സിയുകളുൾപ്പെടെ ഐ.സി യൂണിറ്റുകളും കാർഡിയോളജി, മെഡിസിൻ, ഗ്യാസ്ട്രോ എൻറോളജി, ന്യൂറോളജി, നെഫ്രോളജി, യൂറോളജി എല്ലാ സ്പെഷ്യാലിറ്റി ഒ.പികളും അവയുടെ കിടത്തി ചികിത്സാ വിഭാഗങ്ങളും ഓപ്പറേഷൻ തിയേറ്ററുകളും ഇവിടെ കേന്ദ്രീകരിക്കും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിപുലമായ സൗകര്യങ്ങളോടെയുള്ള വെയിറ്റിംഗ് ഏരിയ, ടോയ്ലറ്ര് ബ്ളോക്കുകൾ, പാർക്കിംഗ് സൗകര്യം, ലബോറട്ടറി, എക്സ്റേ, സ്കാൻ പരിശോധനാ സംവിധാനങ്ങൾ എന്നിവയും സ്പെഷ്യാലിറ്റി ബ്ളോക്കിലുണ്ടാകും.