തിരുവനന്തപുരം: ഹിപ് ഹോപ് റാപ് സംഗീത സംസ്കാരത്തിന്റെ പുതിയ പരിഷ്കാരങ്ങളൊരുക്കി വ്യത്യസ്തരാവുകയാണ് തലസ്ഥാന നഗരത്തിലെ ഒരു കൂട്ടം യുവസംഗീതജ്ഞർ. പ്രശസ്തി യാർജിക്കാൻ സിനിമാ സംഗീതത്തിന്റെ കവർ വേർഷനുകളുമായി ചില ബാൻഡുകൾ വരുമ്പോൾ സ്വന്തം സൃഷ്ടികളുമായി സംഗീതാസ്വാദകരെ കൈയിലെടുക്കുകയാണ് കലമാൻ കളക്ടീവ്. ഫേസ് ബുക്ക് വഴിയാണ് കലമാനിലെ അംഗങ്ങൾ പരിചയപ്പെടുന്നത്.
കലമാന്റെ തലച്ചോറായി പ്രവർത്തിക്കുന്നത് ജയസൂര്യ. എസ്.ജെ, ആനന്ദ് .എസ് എന്നിവരാണ്. കലമാൻ ബാൻഡിനുവേണ്ടി സംഗീതസംവിധാനം, ഗാനരചന, ആലാപനം എന്നിവ ഇവർ ചെയ്യുന്നു. സംഘത്തിലെ പ്രധാനികളായ ആനന്ദും വിഷ്ണുവും ചേർന്ന് നിർമ്മിച്ച 'മലയാളി ഡാ' എന്ന റാപ് ഗാനം ബി.ബി.സിയുടെ അനുമോദനം നേടിയിട്ടുണ്ട്. കലമാൻ കളക്ടീവിന്റെ പ്രധാന നേട്ടങ്ങൾ എന്ന് പറയുന്നത് ബി.ബി.സിയുടെ പ്രശംസ നേടിയ രണ്ട് ഗാനങ്ങളാണ്. ബാൻഡ് അംഗമായ അനന്തപുരി അനന്തകൃഷ്ണൻ 36 മണിക്കൂർ ഇടവേളയില്ലാതെ ഓടക്കുഴൽ വായിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടി. ജയസൂര്യ, ആനന്ദ് എന്നിവർക്ക് പുറമേ രാധാകൃഷ്ണൻ, അനന്തപുരി അനന്തകൃഷ്ണൻ, ആകാശ്, അമൽ എന്നിവരും പ്രവർത്തിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ യുവാക്കൾ ഈ കലാകാരന്മാരെ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. കലമാൻ കളക്ടീവിന്റേതായി പുതുതായി പുറത്തിറങ്ങാൻ പോകുന്നത് മുഖംമൂടികൾ എന്ന് റാപ് ഗാനവും പിന്നെ തിരുവനന്തപുരത്തെ കുറിച്ചുള്ള ഒരു പാട്ടുമാണ്.