രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമായ ഗാനഗന്ധർവനിൽ പുതുമുഖം വന്ദിത നായികയാകുന്നു.ഗാനമേളകളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രമായി മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലിംകുമാർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ്. കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തിപ്രിയ എന്നിവരാണ് മറ്റ് താരങ്ങൾ.
രമേഷ് പിഷാരടിയും ഹരി. പി. നായരും ചേർന്ന് രചന നിർവഹിക്കുന്ന ഗാനഗന്ധർവന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഴകപ്പനാണ്. ലിജോപോളാണ് എഡിറ്റർ. പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദീപക് ദേവാണ്.
സിങ്ക് സൗണ്ടിൽ ചിത്രീകരിക്കുന്ന ഗാനഗന്ധർവൻ എറണാകുളത്ത് പുരോഗമിക്കുകയാണ്.
ഇച്ചായീസ് പ്രൊഡക്ഷൻസിന്റെയും പിഷാരടി എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ ശ്രീലക്ഷ്മി, ശങ്കർ രാജ്, സൗമ്യ രമേഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഗാനഗന്ധർവൻ ഓണത്തിന് ആന്റോ ജോസഫ് ഫിലിം കമ്പനി തിയേറ്ററുകളിലെത്തിക്കും.