ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതകഥ പറയുന്ന ചാപ്പാക്കിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം തുടങ്ങി. ചിത്രത്തിൽ മാലതി എന്ന നായികാ കഥാപാത്രത്തെയാണ് ദീപിക പദുക്കോൺ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആദ്യ ദിന ചിത്രീകരണത്തിനിടെ ദീപിക പൊട്ടിക്കരഞ്ഞത് വലിയ വാർത്തയായിരുന്നു. ആദ്യ സീൻ ചിത്രീകരിക്കുന്നതിനായി സംവിധായിക മേഘ്നാ ഗുൽസാറുമായി സംസാരിക്കുന്നതിനിടെയാണ് ദീപിക പൊട്ടിക്കരഞ്ഞത്.
ലക്ഷ്മിയുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചു പോയതാണ് താൻ കരയാൻ കാരണമായതെന്ന് താരം പിന്നീട് പറഞ്ഞു. മുഖത്ത് ആസിഡ് വീണ് പൊള്ളിയടർന്ന തരത്തിലുള്ള ദീപികയുടെ പുതിയ ലുക്ക് സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു . അടുത്ത വർഷം ജനുവരി 10 നു ചാപ്പാക്ക് തിയേറ്ററിലെത്തും. പതിനഞ്ചാം വയസിൽ വിവാഹ വാഗ്ദാനം നിരസിച്ചതിനാണ് കാമുകൻ ലക്ഷ്മി അഗർവാളിന്റെ മുഖത്ത് ആസിഡ് ഒഴിച്ചത്. ബോളിവുഡ് യുവതാരം വിക്രാന്ത് മാസിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം . വിവാഹശേഷം ദീപിക ആദ്യമായി സ്ക്രീനിൽ എത്തുന്ന ചിത്രം കൂടിയാണ് ചാപ്പാക്ക് .