തിയേറ്ററിൽ വൻ പരാജയമായ കാർത്തിയുടെ ആയിരത്തിൽ ഒരുവന് ഒമ്പതുവർഷങ്ങൾക്കുശേഷം രണ്ടാം ഭാഗം വരുന്നു.
2010 ൽ തിയേറ്ററിൽ എത്തിയ ചിത്രം ശെൽ വരാഘവനാണ് സംവിധാനം ചെയ്തത്. വൻമുതൽ മുടക്കിൽ എത്തി തിയേറ്ററിൽ നിലംപരിശായ ചിത്രം പിന്നീട് മിനി സ്ക്രീനിലും ഇന്റർനെറ്റിലും വന്നപ്പോൾ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.
ആയിരത്തിൽ ഒരുവന്റെ രണ്ടാം ഭാഗം എത്തുമെന്ന റിപ്പോർട്ടുകൾ കുറേ നാളായി പ്രചരിച്ചിരുന്നു . എന്നാൽ അത്തരം അഭ്യൂഹങ്ങൾക്ക് ഇപ്പോൾ സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാർത്ഥിപൻ ആയിരത്തിലൊരുവന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം നിർമ്മിച്ചത്. ചോള സാമ്രാജ്യത്തിന്റെ പിൻ തലമുറക്കാരും ഇന്നത്തെ ആധുനിക മനുഷ്യരും തമ്മിലുള്ള പോരാട്ടമായിരുന്നു ചിത്രം. വലിയ കാൻവാസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ചാണ് ആയിരത്തിൽ ഒരുവൻ ചിത്രീകരിച്ചത്. കാർത്തിക്ക് പുറമെ ആൻഡ്രിയ ജെർമിയ, റീമാ സെൻ , പ്രതാപ് പോത്തൻ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.