-ashok-gehlot sachin

ജയ്‌പൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ രാജസ്ഥാൻ കോൺഗ്രസിൽ തമ്മിൽപ്പോര്. തന്റെ മകൻ വൈഭവ് ഗെലോട്ടിന്റെ പരാജയത്തിന് പി.സി.സി നേതാവ് സച്ചിൻ പൈലറ്റിനെ കുറ്റപ്പെടുത്തി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തി. ജോധ്പൂർ ലോക്‌സഭാ സീറ്റിൽ വൈഭവ് ഗെലോട്ട് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ എന്ന നിലയിൽ സച്ചിൻ പൈലറ്റിനാണ് ഉത്തരവാദിത്തമെന്ന് ഗെലോട്ട് കുറ്റപ്പെടുത്തി. പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ജോധ്പൂരിൽ വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് സച്ചിൻ അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം വളരെ മികച്ചതായിരുന്നുവെന്നും സച്ചിന്റ പറഞ്ഞു. അത് കൊണ്ട് ഞാൻ കരുതുന്നത് അദ്ദേഹം ആ സീറ്റിന്റെയെങ്കിലും പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ്'-ഗെലോട്ട് പറഞ്ഞു.

അശോക് ഗെലോട്ടിന്റെ ശക്തികേന്ദ്രമായിരുന്നു ജോധ്പൂർ. ഈ മണ്ഡലത്തിൽ നിന്നും അഞ്ചു തവണ ഗെലോട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജസ്ഥാനിൽ കോൺഗ്രസ് നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച് ആറുമാസത്തിനകമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി കനത്ത തിരച്ചടി നേരിടുന്നത്. മുഖ്യമന്ത്രി പദത്തിനായി സച്ചിനും ഗെലോട്ടും തമ്മിലുണ്ടായ തർക്കം ഹൈക്കമാൻഡ് ഇടപ്പെട്ടാണ് പരിഹരിച്ചത്. വൈഭവ് ഗെലോട്ടിന് മത്സരിക്കാൻ സീറ്റ് നൽകിയതിനെതിരെ സച്ചിൻ വിഭാഗ നേതാക്കൾ വ്യാപക വിമർശനമുയർത്തിയിരുന്നു.