മുംബയ്: കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ ടൊയോട്ട കൊറോള കാറിൽ ചാണകം മെഴുകി സേജൽ ഷാ എന്ന യുവതി രംഗത്തെത്തിയിരുന്നു. കനത്ത വേനൽച്ചൂടിൽ നിന്ന് രക്ഷപ്പെടാനാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു ഇവരുടെ വാദം. അന്ന് സോഷ്യൽ മീഡിയ ഇവരെ അറഞ്ചം പുറഞ്ചം ട്രോളി. ഇപ്പോഴിതാ സമാന രീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ടാറ്റ കാൻസർ ആശുപത്രിയിലെ സീനിയർ ഡോക്ടർ നവനാദ് ദുദ്ഹൽ.
തന്‍റെ മഹീന്ദ്ര XUV 500ന് പുറത്താണ് ഡോക്ടർ ചാണകം മെഴുകിയത്. മൂന്ന് കോട്ട് ചാണകമാണ് കാറിന് മുകളിൽ മെഴുകിയിരിക്കുന്നത്. ഈ കോട്ടിംഗ് ഒരുമാസത്തോളം നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തണുപ്പിനായി വീടുകളിൽ ചാണകം മെഴുകുന്ന അതേ രീതി തന്നെയാണ് കാറിലും സ്വീകരിച്ചിരിക്കുന്നത്, എസിയുടെ ഉപയോഗം കുറച്ച് കാറിനെ ഇക്കോ ഫ്രണ്ട്ലി ആക്കാനാണ് താൻ ഇതിലൂടെ ശ്രമിച്ചതെന്ന് പുനൈ സ്വദേശിയായ നവനാദ് ദുദ്ഹൽ പറയുന്നു.
ഇതുവഴി കാറിൽ അഞ്ച് മുതൽ ഏഴു വരെ ഡിഗ്രി ചൂട് കുറയുമെന്നും, കുറച്ച് ദിവസം ചാണകത്തിന്റെ ദുർഗന്ധം ഉണ്ടാകുമെങ്കിലും പിന്നെ അത് മാറുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഗോമൂത്രത്തിൽ നിന്ന് കാൻസറിന്റെ മരുന്ന് കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് ഡോക്ടറിപ്പോൾ.