നീലേശ്വരം: കേരള ലോട്ടറിയിൽ ഒന്നാം സമ്മാനം 70 ലക്ഷം രൂപ അടിച്ചപ്പോൾ പശ്ചിമബംഗാൾ സ്വദേശി വിജയ് (23) അമ്പരന്ന് എത്തിയത് നീലേശ്വരം പോലീസ് സ്റ്റേഷനിൽ. തന്നെ പറ്റിച്ച് ആരെങ്കിലും ടിക്കറ്റ് അടിച്ചുമാറ്റുമോ എന്ന ഭയം കാരണമാണ് വിജയ് പൊലീസ് സ്റ്റേഷനിൽ തന്നെ അഭയം തേടിയത്. എസ്.ഐ ഹനീഫയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു.
ഞായറാഴ്ച നറുക്കെടുത്ത കേരള സംസ്ഥാന പൗർണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ആർവൈ 360244 നമ്പറിൽ ചോയ്യംകോട്ട് താമസിക്കുന്ന വിജയിക്ക് ലഭിച്ചത്. ആറുവർഷം മുമ്പാണ് വിജയ് കാസർകോട് ജില്ലയിലെത്തിയത്. നാട്ടുകാരായ സുഹൃത്തുക്കളുടെ സഹായത്താൽ ചോയ്യങ്കോട്ട് ആരുഷ് എന്ന നിർമാണ കമ്പനിയിൽ ജോലി ലഭിച്ചു. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള വിജയ് പതിവുപോലെ ഞായറാഴ്ചയും ടിക്കറ്റെടുത്തു. ആർ.വൈ 360244 നമ്പർ ടിക്കറ്റിനാണ് സമ്മാനം.
കാഞ്ഞങ്ങാട് കല്ലട്ര കോംപ്ലക്സിലെ ലോട്ടറി മൊത്ത വിതരണ സ്ഥാപനമായ ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നു ടിക്കറ്റെടുത്തു നടന്നു വിൽക്കുന്ന കരിന്തളം കോയിത്തട്ടയിലെ പത്മനാഭനോടാണ് ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റിൽ സമ്മാനമുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം ടിക്കറ്റ് എസ്.ബി.ഐ നീലേശ്വരം ബ്രാഞ്ചിൽ ഏൽപ്പിച്ചു. പൊലീസിനു നന്ദി പറഞ്ഞാണ് വിജയ് മടങ്ങിയത്.