nipah

കൊച്ചി: എറണാകുളത്ത് വിദ്യാർത്ഥിക്ക് നിപ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം ശക്തമാക്കി സർക്കാർ. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഇടപഴകിയ ആൾക്കാരുടെ മുഴുവൻ പേര് വിവരങ്ങളും സർക്കാർ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 86 പേരുകളാണ് സർക്കാർ ശേഖരിച്ചിട്ടുള്ളത്. ഇവരുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സമ്പർക്കം പുലർത്തുന്നുണ്ട്.

അതേസമയം, നിലവിൽ ലിസ്റ്റ് ചെയ്‌തവർ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങരുതെന്ന് ഉദ്യോഗസ്ഥർ പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോം ക്വാറന്റൈൻ എന്നാണ് ഈ പ്രക്രിയക്ക് പറയുന്നത്. വൈറസ് ശരീരത്തിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ലക്ഷണങ്ങൾ പ്രകടമാവാൻ അഞ്ച് ദിവസം മുതൽ 14 ദിവസം വരെ വേണ്ടി വരുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ പൊതുജനങ്ങളുമായി സമ്പർക്കം പുലർത്താതെ ഒറ്റയ്ക്ക് ജാഗ്രതയോടെ കഴിയണമെന്നും നിർദ്ദേശമുണ്ട്.

നിലവിലെ പട്ടികയിൽ ഉൾപ്പെട്ട 86 പേരിൽ നാല് പേരിലാണ് ഇപ്പോൾ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഒരാളെ മുൻകരുതലെന്ന നിലയിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിപ വൈറസ് സ്ഥിരീകരിച്ച യുവാവിന്റെ സുഹൃത്തുകളിലും ഇയാളെ ആദ്യം പരിചരിച്ച രണ്ട് നഴ്സുമാരിലുമാണ് രോഗ ലക്ഷണങ്ങൾ പ്രകടമായത്.