കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ എൽ.ഡി.എഫിന് നേരിട്ട തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാൻ തീരുമാനിച്ച് പാർട്ടി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എ.പ്രദീപ് കുമാർ സ്വന്തം ബൂത്തിലും പിന്നിലായതിന്റെ കാരണങ്ങളാണ് പാർട്ടി പരിശോധിക്കുന്നത്.
നഗരമേഖലയിൽ സി.പി.എം വോട്ടുകൾ ചോർന്നതിനു പിന്നിൽ വിഭാഗീയതയാണെന്ന ആരോപണത്തെ, സ്ഥാനാർത്ഥിയുടെ സ്വന്തം ബൂത്തിൽ വോട്ടുകുറഞ്ഞതു ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ തീരുമാനം. എ.പ്രദീപ്കുമാർ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ പിന്നിലായതാണ് സി.പി.എമ്മിന് വൻ തിരിച്ചടിയായത്.
സാധാരണ ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് ലീഡ് നേടാറുള്ള ബൂത്താണിത്. ഇവിടെ പ്രദീപ്കുമാർ 18 വോട്ടുകൾക്കു പിന്നിലായി. അതേസമയം, എൻ.ഡി.എ സ്ഥാനാർത്ഥി കെ.പി പ്രകാശ് ബാബു ഈ ബൂത്തിൽ 222 വോട്ട് നേടി. എ.പ്രദീപ്കുമാറിന്റെ വീടുൾപ്പെടുന്ന കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ 23–ാം നമ്പർ ബൂത്തിൽ യു.ഡി.എഫ് 415 വോട്ടു നേടിയപ്പോൾ എൽ.ഡി.എഫിനു ലഭിച്ചത് 397 വോട്ടാണ്.
എ.പ്രദീപ്കുമാർ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ എൽ.ഡി.എഫ് പിന്നിലായതു സി.പി.എമ്മിനു തിരിച്ചടിയായിരുന്നു. പ്രദീപ്കുമാർ മൂന്ന് വട്ടം വിജയിച്ച മണ്ഡലത്തിൽ 4,558 വോട്ടിന്റെ ലീഡാണ് യു.ഡി.എഫ് നേടിയത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 27,873 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രദീപ്കുമാറിന്റെ വിജയം. കരുവിശ്ശേരിയിലെ വിഭാഗീയപ്രശ്നങ്ങളാണു വോട്ടുചോർച്ചയ്ക്കു കാരണമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ പേരിൽ ചിലരെ പ്രതിക്കൂട്ടിലാക്കാനും ഔദ്യോഗികപക്ഷം നീക്കം തുടങ്ങിയിരുന്നു.
സ്ഥാനാർത്ഥിയുടെ സ്വന്തം ബൂത്തിൽ പോലും പിന്നിലായതു ചൂണ്ടിക്കാട്ടി വിഭാഗീയ ആരോപണങ്ങളെ പ്രതിരോധിക്കാനാണു മറുവിഭാഗത്തിന്റെ നീക്കം. ഔദ്യോഗിക പക്ഷത്തെ പ്രമുഖ നേതാവ് തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു നേരിട്ടു മേൽനോട്ടം വഹിച്ച ബൂത്തിൽ പാർട്ടി സ്ഥാനാർത്ഥി പിന്നിലായതിന്റെ കാരണങ്ങൾ പരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ലോക്‌സഭാ മണ്ഡലമൊട്ടാകെ നടപ്പിലാക്കാൻ പ്രദീപ് കുമാറിനെ വിജയിപ്പിക്കണം എന്നാണ് എൽ.ഡി.എഫ് മുന്നോട്ടുവച്ചിരുന്ന ആഹ്വാനം. എന്നാൽ, ഇതേ മണ്ഡലത്തിൽ തന്നെ പ്രദീപ് കുമാർ പിന്നോട്ട് പോയതാണ് എൽ.ഡി.എഫ് പ്രവർത്തകരെ വിഷമത്തിലാക്കുന്നത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കോഴ ആവശ്യപ്പെട്ടെന്ന ഒളികാമറ വെളിപ്പെടുത്തലിൽ രാഘവനെതിരെ എൽ.ഡി.എഫ് പ്രാചാരണങ്ങൾ ഏറ്റെടുത്തിരുന്നു. #രാഘവോ എന്ന ഹാഷ് ടാഗോടു കൂടിയാണ് രാഘവന്റെ അഴിമതി ചർച്ച കത്തിപ്പടർന്നിരുന്നത്. എന്നാൽ, വിവാദങ്ങളെയൊക്കെ മറികടന്ന് വലിയ വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ നിന്ന് എം.കെ രാഘവൻ നേടിയത്. കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ ഒരു നിയോജക മണ്ഡലത്തിൽ പോലും മുമ്പിലെത്താൻ പ്രദീപ് കുമാറിന് കഴിഞ്ഞില്ല. കൊടുവള്ളിയിൽ നിന്ന് ലഭിച്ച ഭൂരിപക്ഷമാണ് എം.കെ രാഘവന്റെ മികച്ച നേട്ടത്തിന്റെ അടിത്തറ.