റിയാദ്: ബീഫ് വിളമ്പാൻ വിസമ്മതിച്ച ജീവനക്കാരനെ സൗദി അറേബ്യയിൽ വച്ച് തൊഴിലുടമ നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിന് പിന്നിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. ജീവനക്കാരന്റെ ആരോപണത്തിന് പിന്നിൽ തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നാണ് സംശയം. ജീവനക്കാരൻ ഇതുമായി ബന്ധപ്പെട്ട് എംബസിക്ക് നൽകിയ പരാതിയിൽ ബീഫ് വിഷയത്തെ കുറിച്ച് പരാമർശിക്കുന്നില്ല.
ഇന്ത്യക്കാരനായ മാണിക് ചതോപാദ്ധ്യായ ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആരോപണം ഉന്നയിച്ചത്. ജിദ്ദയിലെ ഒരു കമ്പനിയിൽ പാചകക്കാരനായാണ് താൻ എത്തിയതെന്ന് അദ്ദേഹം പറയുന്നു. ആദ്യം പാചകം ചെയ്യണമെന്നാണ് അറിയിച്ചതെന്നും എന്നാൽ ജോലിയിൽ കയറിയതിന് ശേഷം തന്നോട് ബീഫ് വിളമ്പി കൊടുക്കാൻ തൊഴിലുടമ ആവശ്യപ്പെട്ടതായും മാണിക് വീഡിയോയിൽ പറഞ്ഞിരുന്നു. ബീഫ് കഴിക്കാനും വിളമ്പാനും വിസമ്മതിച്ചതിന്റെ പേരിൽ തൊഴിലുടമ പീഡിപ്പിക്കുന്നതായും വീഡിയോയിയലൂടെ ആരോപിച്ചിരുന്നു. ജോലിയിൽ തുടരാൻ താൽപര്യമില്ലെന്നും നാട്ടിലെത്തിക്കണമെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു പരാമർശം.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ റിയാദിലെ ഇന്ത്യൻ അംബാസിഡറോട് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജോലിയിൽ തുടരാൻ താൽപര്യമില്ലാത്തതിനാൽ മറ്റേതെങ്കിലും ജോലി സംഘടിപ്പിച്ച് നൽകണമെന്നും അല്ലെങ്കിൽ നാട്ടിൽ പോകാൻ അനുവദിക്കണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടതെന്ന് റിയാദിലെ ഇന്ത്യൻ എംബസി പറഞ്ഞു. ഇയാളുടെ തൊഴിലുടമയുമായും റിക്രൂട്ട് ചെയ്ത ഏജൻസിയുമായും എംബസി അധികൃതർ സംസാരിച്ചു. തൊഴിൽ കരാറുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും തൊഴിലുടമ ബീഫ് നിർബന്ധിച്ച് കഴിപ്പിച്ചതായി അറിയില്ലെന്നും എംബസി വ്യക്തമാക്കി.