balabhaskar

തിരുവനന്തപുരം: ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാർ 90 ഡിഗ്രിയിൽ വെട്ടിത്തിരിഞ്ഞ് റോഡിന്റെ എതിർഭാഗത്തേക്ക് പോയതെങ്ങനെ...? ഈ ചോദ്യത്തിന് ആറ്റിങ്ങൽ ഡിവൈ.എസ്.പിയായിരുന്ന അനിൽകുമാർ ഉത്തരം തേടിയിരുന്നെങ്കിൽ വയലിൻ മാന്ത്രികൻ ബാലഭാസ്‌കറും മകൾ തേജസ്വിനിയും മരണമടഞ്ഞ അപകടത്തിലെ ദുരൂഹത അന്നേ ഇല്ലാതായേനെ. ഗുരുവായൂർ ദർശനത്തിനു ശേഷം കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് ദേശീയപാതയുടെ കിഴക്കുഭാഗത്തുകൂടി വന്ന കാർ, റോഡിന്റെ എതിർവശത്തേക്ക് വെട്ടിത്തിരിഞ്ഞ് മരത്തിലിടിക്കുകയായിരുന്നു. സി.ആർ.പി.എഫ് ക്യാമ്പിന് മുൻപുള്ള ഇറക്കമിറങ്ങി, കയറ്റം കയറിവന്ന കാർ നിരപ്പായ റോഡിലൂടെ മുന്നോട്ടോടി ക്യാമ്പ് കഴിഞ്ഞുള്ള ചെറിയ വളവും പിന്നിട്ട് 30 മീറ്ററോളം മുന്നോട്ടുപോയ ശേഷമാണ് എതിർവശത്തെ കോളനിറോഡിന്റെ കവാടത്തിലുള്ള മരത്തിലിടിച്ചത്.

വളവിലെത്തിയപ്പോൾ ഡ്രൈവർ ഉറങ്ങിയെങ്കിൽ റോഡിന്റെ എതിർഭാഗത്തേക്ക് പോകുന്നതിനെക്കാൾ, അതേദിശയിൽ ഇടിച്ചുകയറാനാണ് സാദ്ധ്യത. മറുവശത്തേക്ക് പൊടുന്നനെ കാർ വെട്ടിത്തിരിഞ്ഞെങ്കിൽ ഡ്രൈവർ ഉണരേണ്ടതാണ്. അപ്പോൾ ശക്തമായി ബ്രേക്ക് ചെയ്യും. അപകടമൊഴിവാക്കാനുള്ള സഡൻ ബ്രേക്കിംഗിൽ റോഡിലും റോഡരികിലും ടയറിന്റെ അടയാളമുണ്ടാവും. ഇക്കാര്യങ്ങൾ പരിശോധിക്കാൻ മിനക്കെട്ടെങ്കിൽ ദുരൂഹതയേ ഉണ്ടാവുമായിരുന്നില്ല. കാർ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിൽ സീറ്റുകളിലെയും ചില്ലുകളിലെയും യന്ത്രഭാഗങ്ങളിലെയും സ്റ്റിയറിംഗിലെയും ചോരപ്പാടുകൾ ശേഖരിച്ച് ആരൊക്കെ എവിടെയൊക്കെയായിരുന്നുവെന്ന് നിഷ്പ്രയാസം കണ്ടെത്താമായിരുന്നു. ഒമ്പതുമാസമായി മഴയും വെയിലുമേറ്റു കിടക്കുന്ന കാറിൽ വേണം ക്രൈംബ്രാഞ്ചിന് ഇനി ശാസ്ത്രീയപരിശോധന നടത്താൻ.

വിട്ടുകളഞ്ഞ ആറ് തെളിവുകൾ

1)ആദ്യത്തെ ഫോൺവിളി

അപകടസ്ഥലത്തെത്തിയ മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരൻ ബാലുവിന്റെ ഫോൺ അറ്റൻഡ് ചെയ്തപ്പോൾ, എവിടെയെത്തി എന്നായിരുന്നു ചോദ്യം. ലത എന്ന് സേവ് ചെയ്ത നമ്പരിൽനിന്നായിരുന്നു വിളി. കാറിലുള്ളവർക്ക് അപകടമുണ്ടായെന്ന് പറഞ്ഞയുടൻ ഫോൺ കട്ടുചെയ്തു. എവിടെവച്ചാണ് അപകടം, കുഴപ്പമുണ്ടോ എന്നിങ്ങനെ സ്വാഭാവികമായി ചോദിക്കേണ്ട ചോദ്യങ്ങൾ പോലുമുണ്ടായില്ല. കാറിലുണ്ടായിരുന്നവരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്ത് ശാസ്ത്രീയപരിശോധന നടത്തിയില്ല.


2)ആദ്യത്തെ മൊഴികൾ

വലിയ ശബ്ദംകേട്ട് ഓടിയെത്തിയപ്പോൾ പുകച്ചുരുൾ മാത്രമാണ് കാണാനായതെന്നും കാറിന് അകത്തുള്ളവരെക്കുറിച്ച് സൂചനയില്ലെന്നുമായിരുന്നു പ്രദേശവാസികളടക്കം ചാനലുകളോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ ഡ്രൈവർ സീറ്റിലുണ്ടായിരുന്നത് ബാലുവായിരുന്നെന്ന് താൻ കണ്ടെന്ന് തൊട്ടടുത്ത വീട്ടിലെ 18കാരി മൊഴിനൽകിയെന്നാണ് പൊലീസിന്റെ രേഖ. ടി.വി ഷോകളിലൂടെ ബാലഭാസ്‌കറിനെ അറിയാമെന്നും ഒരിക്കലും ആളു തെറ്റില്ലെന്നും ഇവർ പറഞ്ഞത്രേ.


3)ആദ്യത്തെ ദൃക്‌സാക്ഷി

വിദേശത്തുനിന്നെത്തി സ്വദേശമായ വർക്കലയിലേക്ക് കാറിൽ പോവുകയായിരുന്ന താനാണ്

സംഭവസ്ഥലത്ത് ആദ്യ രക്ഷാദൗത്യം നടത്തിയതെന്ന് നന്ദു എന്നയാൾ പൊലീസിനെ അറിയിച്ചിരുന്നു. തേജസ്വിനിയെ വണ്ടിയിൽ നിന്നെടുത്തത് താനാണെന്നും ബാലഭാസ്‌കർ പിൻസീറ്റിലായിരുന്നെന്നും ഇയാൾ പറഞ്ഞിരുന്നു. ഇയാളുടെ മൊഴിയെടുക്കാൻ പൊലീസ് തയ്യാറായില്ല. ഡിവൈ.എസ്.പി ഓഫീസിലെത്തിയപ്പോൾ നന്ദുവിനെ പൊലീസ് ഓടിച്ചുവിട്ടു.


4)ആദ്യത്തെ ദൃശ്യങ്ങൾ

കൊല്ലം പള്ളിമുക്കിൽ കാർനിറുത്തി ജ്യൂസ് കഴിച്ച ശേഷമായിരുന്നു ബാലു തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഈ കടയിലെ സി.സി ടിവി കാമറ പരിശോധിച്ചെങ്കിൽ ആരാണ് ഡ്രൈവിംഗ് സീറ്റിൽ കയറിയതെന്ന് കണ്ടെത്താമായിരുന്നു. പള്ളിമുക്കിൽ റോഡിലും ട്രാഫിക് സിഗ്നലുകളിലും കാമറകളുണ്ട്. 9 മാസം വൈകിയതോടെ ഈ തെളിവുകളെല്ലാം നഷ്ടമായി. പള്ളിമുക്കിലെ കാമറ നോക്കാതെ, ദേശീയപാതയിലെ കാമറകൾ പൊലീസ് പരിശോധിച്ചു. രാത്രിയിൽ അമിതവേഗതയിലോടിയ കാറിനുള്ളിലുള്ളവരെ കണ്ടെത്താനാവില്ലെന്ന് ഫയലിലെഴുതി.


5)ആദ്യത്തെ റിപ്പോർട്ട്

മുന്നിലെ സീറ്രുകൾക്കിടയിലോ കാറിന്റെ മുകൾത്തട്ടിലോ നാലുതവണയെങ്കിലും തലയിടിച്ചതിലൂടെ ബാലുവിന്റെ തലയോട്ടിയും കഴുത്തിനേറ്റ ക്ഷതം കാരണം സ്‌പൈനൽകോഡും തകർന്നെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലച്ചോറിനും ക്ഷതമുണ്ട്. വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിന്റെ ഡയഫ്രം പൊട്ടി വയറ്റിലേക്ക് ഇറങ്ങിയ നിലയിലായിരുന്നു. സീറ്റ്‌ബെൽറ്റിന്റെയോ എയർബാഗിന്റെയോ സംരക്ഷണമില്ലാതെ പിൻസീറ്റിൽ നിന്ന് തെറിച്ച് വീണാലാണ് ഇത്തരത്തിൽ പരിക്ക് സംഭവിക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇതുപ്രകാരമുള്ള ശാസ്ത്രീയ അന്വേഷണമുണ്ടായില്ല.


6)ആരാണ് ശരി

രക്ഷാപ്രവർത്തനം നടത്തിയവർ കാറോടിച്ചയാളെക്കുറിച്ച് പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയെങ്കിലും പൊലീസ് അവഗണിച്ചു. കാറോടിച്ചത് ഡ്രൈവർ അർജുനായിരുന്നുവെന്നാണ് ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. ഡ്രൈവിംഗ് സീറ്റിൽ ബാലഭാസ്‌കർ ആയിരുന്നെന്നാണ് അഞ്ച് സാക്ഷിമൊഴികൾ. പൊന്നാനിക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ മൊഴിയും ഇതാണ്. പിൻസീറ്റിൽ ബാലു ഉറങ്ങുന്നത് കണ്ടെന്ന് ചവറ സ്വദേശിയുടെ മൊഴിയുണ്ട്. മൊഴികളിലെ വൈരുദ്ധ്യം നീക്കാൻ ശ്രമിച്ചതേയില്ല.


''ബാലുവാണ് വാഹനം ഓടിച്ചതെന്ന സാക്ഷിമൊഴികൾ ചൂണ്ടിക്കാട്ടി കേസ് തേച്ചുമായ്ച്ച് കളയാനുള്ള ശ്രമമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്വേഷണം ഊർജിതപ്പെടുത്താൻ മുഖ്യമന്ത്രിയെ കാണും''


സി.കെ. ഉണ്ണി

ബാലുവിന്റെ പിതാവ്