ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ കഴിഞ്ഞദിവസം ഒരു അപ്രതീക്ഷിത അതിഥി എത്തി. സാക്ഷാൽ സുചിത്ര മോഹൻലാലായിരുന്നു ആ അതിഥി. ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ വിശാഖ് സുബ്രഹ്മണ്യം സുചിത്രയുടെ കസിനാണ്. ധ്യാനും നിവിനും ചേർന്നാണ് താരപത്നിയെ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് ശ്രീനിവാസനും പാർവതിയും മനോഹരമാക്കിയ വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ തന്നെയാണ് 'ലവ് ആക്ഷൻ ഡ്രാമയിലെ' നായികയ്ക്കും നായകനുമുള്ളത്. ദിനേശനും ശോഭയുമായിട്ടാണ് നിവിനും നയൻതാരയുമെത്തുന്നത്. ഒമ്പത് വർഷത്തിനുശേഷം മലർവാടിയിലെ സുഹൃത്തുക്കളായ നിവിൻപോളി,അജുവർഗീസ്, ശ്രാവൺ,ഹരികൃഷ്ണൻ,ഭഗത് എന്നിവരുടെ രണ്ടാംവരവ് എന്ന പ്രത്യേകത കൂടി 'ലവ് ആക്ഷൻ ഡ്രാമയ്ക്കുണ്ട്.