തിരുവനന്തപുരം: നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
യുവാവുമായി അടുത്തിടപഴകിയവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. നിപ സ്ഥിരീകരിച്ചു എന്നതിനാൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിർദ്ദേശങ്ങൾ നൽകും. അത് പിന്തുടരാൻ എല്ലാ ജനങ്ങളും തയ്യാറാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. യുവാവുമായി അടുത്തിടപഴകിയവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. നിപ സ്ഥിരീകരിച്ചു എന്നതിനാൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിർദ്ദേശങ്ങൾ നൽകും. അത് പിന്തുടരാൻ എല്ലാ ജനങ്ങളും തയ്യാറാകണം.
കേന്ദ്രആരോഗ്യ മന്ത്രാലയവുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വിദഗ്ധരടങ്ങിയ കേന്ദ്രസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. അവരുടെ മാർഗ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താകും പ്രതിരോധ പ്രവർത്തനങ്ങൾ.
കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോൾ അതിനെ ഒന്നിച്ച് നിന്ന് അതിജീവിക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നു. അതു പോലെ ഇപ്പോഴും നമുക്ക് നിപയെ അതിജീവിക്കാൻ കഴിയും. ജനങ്ങളിൽ ഭീതി പടർത്തുന്ന പ്രചരണങ്ങൾ ആരും നടത്തരുത്. അവർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.