വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാളത്തിലെ യുവസൂപ്പർതാര പദവിയിലേക്ക് ഉയർന്ന നടനാണ് ടൊവിനൊ തോമസ്. താരജാഡകളേതുമില്ലാത്ത സൂപ്പർതാരമെന്നാണ് ടൊവിനൊയെ ആരാധകർ വിശേഷിപ്പിക്കുന്നത്. കേരളം പ്രളയത്തിലകപ്പെട്ട സമയത്ത് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച താരത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാലിപ്പോഴിതാ ടൊവിയുടെ ചില വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ 'താൻ വീട്ടിലേക്ക് വരുന്നത് ഇപ്പോൾ വീട്ടുകാർക്ക് ശല്യമാകുന്നുണ്ടോ എന്ന് ആലോചിച്ചു തുടങ്ങിയെന്ന' താരത്തിന്റെ വാക്കുകളാണ് ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്. സ്‌റ്റാർ ഡം ആസ്വദിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
ടൊവിനൊയുടെ വാക്കുകൾ-
'നമ്മൾ പുറത്തു നിന്ന് നോക്കി കാണുന്നതിനേക്കാൾ വ്യത്യസ്‌തമാണ് ഇവിടെ നിൽക്കുമ്പോൾ. ഇങ്ങനത്തെ ഒരു സ്‌റ്റാർ ഡം അല്ല ഞാൻ ആഗ്രഹിച്ചിട്ടുള്ളത്. പോപ്പുലാരിറ്റിയിലേക്ക് എത്തിപ്പെടുമ്പോൾ അതിന്റെ കൂടെ വരുന്ന ചില കാര്യങ്ങളുണ്ട്. അത് നമ്മളെ നമ്മളായിരിക്കാൻ ചിലപ്പോൾ സമ്മതിക്കില്ല. നമ്മുടെ വിഷമങ്ങളോ ജീവിതത്തിലെ ദുരന്തങ്ങളോ പോലും മറ്റുള്ളവർക്ക് ഒരു വിഷയമല്ല. അതുപറയുമ്പോൾ, ഇന്നലെ ഞാൻ വീട്ടിലുണ്ടായിരുന്നു. വീട് റിനൊവേഷൻ നടക്കുന്നത് കാരണം അടുക്കളയിലാണ് ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത്. ഞാൻ നോക്കുമ്പോൾ ഒരു പയ്യൻ അടുക്കളയിൽ വന്ന് കസേരയിട്ടിരുന്നു. ഇരുപത് വയസിനോടടുത്തെ പ്രായം വരൂ. വാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു. അവൻ കയറി വന്നു. ഫോട്ടോഗ്രാഫറാണ് ഫോട്ടോ എടുക്കണം, കഥ പറയണം ഇതാണ് ആവശ്യം.
ഞാൻ പറഞ്ഞു, എല്ലാം ഓകെ. പക്ഷേ ഒന്ന് ബെല്ലടിക്കാൻ മെനക്കെടാതെ, വീട്ടിനകത്തേക്ക് കയറിക്കോട്ടേയെന്ന് ചോദിക്കാതെ എങ്ങനെ അകത്തേക്ക് കയറി. ഞാൻ താമസിക്കുന്ന വീട്ടിൽ ഒരു വാച്ച്മാനെ വയ്‌ക്കേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ ഇപ്പോൾ തോന്നുന്നു. ഞാൻ മാത്രമല്ലല്ലോ അവിടെ താമസിക്കുന്നത്. എന്റെ ഫാമിലിയ്‌ക്ക് അതൊരു ബുദ്ധിമുട്ടാകുന്നു. എല്ലാവരുമല്ല, ചില ആൾക്കാരൊക്കെ അങ്ങനെ പെരുമാറുമ്പോൾ ഞാൻ വീട്ടിലേക്ക് വരുന്നത് അവർക്കൊരു ശല്യമാകുന്നുണ്ടോ എന്ന് തോന്നാറുണ്ട്'.
അതേസമയം, മൂന്ന് ചിത്രങ്ങളാണ് ഈ മാസം ടൊവിനൊയുടേതായി റിലീസിനൊരുങ്ങുന്നത്. ഏഴിന് വൈറസും 21ന് ആൻഡ് ദ ഓസ്കർ ഗോസ് ടുവും 28ന് ലൂക്കയും റിലീസ് ചെയ്യും.