കോഴിക്കോട്: കേരളത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ ദിനങ്ങളായിരുന്നു കഴിഞ്ഞ വർഷത്തെ 'നിപ കാലം'. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ സ്ഥിരീകരിച്ചതോടെ വീണ്ടും നമ്മൾ ഭയചകിതരായിരിക്കുകയാണ്. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ പറയുന്നുണ്ടെങ്കിലും നമ്മുടെ പേടി മാറിയിട്ടില്ല. നമ്മൾ അതിജീവിക്കും അതിനുള്ള ജീവിക്കുന്ന ഉദാഹരണമാണ് താനെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നിപയെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ അജന്യ എന്ന നഴ്സിങ് സ്റ്റുഡന്റ്.
അജന്യയുടെ വാക്കുകൾ ഇങ്ങനെ...
'പേടിയല്ല വേണ്ടത് ജാഗ്രതയാണ്. നമ്മൾ അതിജീവിക്കും. അതിനുള്ള വലിയൊരു ഉദാഹരണമാണ് ഞാൻ. നമ്മുടെ കൂടെ ആരോഗ്യവകുപ്പ് സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം എന്താണെന്ന് അറിയാതെപോലും അതിൽ നിന്ന് അതിജീവിച്ച് വന്നു. ആരും പേടിക്കരുത്,ജാഗ്രത വേണം .എന്ത് അസുഖമുണ്ടെങ്കിലും പെട്ടെന്ന് തന്നെ ഡോകടറെ കാണണം. നമ്മുടെ ആരോഗ്യവകുപ്പ് കൂടെയുണ്ട്. എനിക്ക് തന്ന ആത്മവിശ്വസവും ധൈര്യവുമാണ് എന്നെ അതിജീവിക്കാൻ സഹായിച്ചത്.ഇതും നമ്മൾ അതിജീവിക്കും'