university-college

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി കോളേജിൽ നിന്നും ടി.സി.വാങ്ങി. പഠിക്കാനുള്ള അന്തരീക്ഷം കോളേജിൽ ഇല്ലെന്നും ടി.സി. വാങ്ങി പോകുന്നതാണ് നല്ലതെന്ന് തോന്നിയെന്നും പെൺകുട്ടി പറഞ്ഞു. അതേസമയം, ആത്മഹത്യാകുറിപ്പിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്നും പെൺകുട്ടി വ്യക്തമാക്കി.

കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നും പഠിക്കാനാണ് താൽപര്യമെന്നും പെൺകുട്ടി പറഞ്ഞു. യൂണിയൻ ഭാരവാഹികളുടെ സമ്മർദ്ദം തന്നെയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും തന്റെ അനുഭവം യൂണിവേഴ്സിറ്റി കോളേജിൽ മാറ്റത്തിന് കാരണമാകട്ടെയെന്നും കൂട്ടിച്ചേർത്തു. വർക്കല എസ്എൻ കോളേജിലേക്ക് മാറണമെന്ന പെൺകുട്ടിയുടെ അപേക്ഷ കേരള സർവ്വകലാശാല അംഗീകരിച്ച് ഉത്തരവിറക്കി.

യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് വലിയ വിവാദമായിരുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നേതാക്കളിൽ നിന്നും സമ്മർദമുണ്ടായെന്നും ആത്മഹത്യാ പ്രേരണയ്‌ക്ക് കാരണക്കാർ എസ്.എഫ്‌.ഐ യൂണി​റ്റ് ഭാരവാഹികളും കോളേജ് പ്രിൻസിപ്പലും ആണെന്നു പെൺകുട്ടി കുറിപ്പിൽ ആരോപിച്ചിരുന്നു. അദ്ധ്യാപകരെയും അതിരൂക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. പക്ഷെ പിന്നീട് ആർക്കെതിരെയും പരാതിയില്ലെന്ന് പൊലീസിന് മൊഴി നൽകി.

പെൺകുട്ടിയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ കൂടുതൽ രക്ഷിതാക്കൾ എസ്.എഫ്.ഐ യൂണിയനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനായി സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാംപയിൻ കമ്മിറ്റി സ്വതന്ത്ര ജൂഡീഷ്യൽ കമ്മിഷനെ വച്ചിരുന്നു. അതേസമയം, ആരോപണങ്ങളെല്ലാം എസ്.എഫ്.ഐ നിഷേധിച്ചിരുന്നു.