nipah

നിപയെ നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണ്. ശരിയായ അവബോധത്തിലൂടെ നമുക്ക് നിപയെ പ്രതിരോധിക്കാനാവും. നിപ ബാധിച്ച് എറണാകുളത്ത് ചികിത്സയിലുള്ള വിദ്യാ‌ർത്ഥിമായി അടുത്ത് ഇടപഴകിയവർ ഉൾപ്പടെ 86 പേർ നിരീക്ഷണത്തിലാണ്. രോഗിയുമായി അടുത്ത് ഇടപഴകിയവർക്കാണ് രോഗം ബാധിക്കാൻ സാദ്ധ്യത കൂടുതൽ. എല്ലാവരും നിരീക്ഷണത്തിലാണ്. ആദ്യഘട്ടത്തിൽ രോഗിയെ പരിചരിച്ച രണ്ട് നഴ്‌സുമാരും രോഗിയുടെ രണ്ട് സുഹൃത്തുക്കളും പനി ബാധിച്ച് ചികിത്സയിലാണ്. ഇവരുടെ ശരീരസ്രവങ്ങൾ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചു. 86 പേരിൽ ആർക്കെങ്കിലും രോഗലക്ഷണം കണ്ടാൽ അവരെ അപ്പോൾത്തന്നെ ഐസലേഷൻ വാർഡിലേക്ക് മാറ്റും.

ശ്വാസകോശത്തിലെ അണുബാധ കാരണം രോഗി ചുമയ്‌ക്കുമ്പോൾ അണുക്കൾ അന്തരീക്ഷത്തിൽ കലരുമ്പോഴാണ് നിപ വ്യാപിക്കാനുള്ള സാദ്ധ്യത ഏറുന്നത്. ഇങ്ങനെയാണ് കഴിഞ്ഞ തവണയും കൂടുതൽ പേരിലേക്ക് രോഗം പടർന്നത്. മറ്റ് രീതിയിലും രോഗം വ്യാപിക്കാറുണ്ട്.

നിപ ബാധിച്ചയാൾക്ക് ചുമയുണ്ടെങ്കിൽ മാത്രമേ രോഗം പകരാനുള്ള സാദ്ധ്യത വർദ്ധിക്കൂ എന്ന് പറഞ്ഞല്ലോ, നിലവിൽ രോഗം സ്ഥിരീകരിക്കപ്പെട്ടയാൾക്ക് ഇതുവരെ ചുമ കണ്ടുതുടങ്ങിയിട്ടില്ല. എല്ലാവരെയും മാസ്‌ക് ധരിപ്പിച്ച് ചുമയിലൂടെ രോഗം പകരുന്നത് തടയാനുള്ള മുൻകരുതൽ എടുത്തിട്ടുണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട മസ്‌തിഷ്‌കജ്വരങ്ങൾ അനലൈസ് ചെയ്‌തിട്ടുണ്ട്. ഇവയൊന്നും നിപ കാരണമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ ഇപ്പോൾ രോഗം കണ്ടെത്തിയ വിദ്യാർത്ഥിയായിരിക്കും ഇത്തവണത്തെ ഇൻഡക്‌സ് കേസ് എന്ന് കരുതുന്നു.

ആരോഗ്യപ്രവർത്തകർക്കും ആത്മവിശ്വാസം

കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിച്ചത് രോഗികൾക്ക് കൂടുതൽ കരുതലും പരിചരണവും ലഭ്യമാക്കാൻ സഹായിക്കുന്നുണ്ട്. കഴിഞ്ഞ തവണ കോഴിക്കോട് ആശുപത്രിയിൽ രോഗീപരിചരണം നടത്തിയ നഴ്‌സുമാർ,​ അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവർ ഉൾപ്പെട്ട സംഘം നിപ പരിചരണത്തിന് ട്രെയിനിംഗ് നൽകുന്നുണ്ട്. രോഗികളെ കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ച് ഇവർ മറ്റുള്ള മെഡിക്കൽ സംഘത്തിന് അറിവ് പകരും.

മാത്രമല്ല എല്ലാ മെഡിക്കൽ കോളേജുകളിലും ഐസലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ആരോഗ്യവകുപ്പ് തയാറായിട്ടുണ്ട്.

പൂനെയിൽ നിന്ന് മരുന്ന് എത്തി

കഴിഞ്ഞ വർഷം നിപ ബാധിതരെ ചികിത്സിക്കാനായി അമേരിക്കയിൽ നിന്ന് മരുന്ന് വരുത്തിയിരുന്നു. ഇത് നമ്മൾ പിന്നീട് ഐ.സി.എം.ആറിന് ( ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ) നൽകി. അവർ മരുന്ന് പൂനെയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അഞ്ച് പേരെ ചികിത്സിക്കാനാവശ്യമായ ഈ മരുന്ന് ഇന്നലെ എത്തിച്ചിട്ടുണ്ട്. മരുന്ന് ഉപയോഗിക്കേണ്ട വിധത്തെക്കുറിച്ച് ഡോക്‌ടർമാർക്ക് നിർദേശങ്ങളും നൽകിക്കഴിഞ്ഞു.

നിപ ; ലക്ഷണം

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ എന്നീ ലക്ഷണങ്ങളും ഉണ്ടാകാം.

ശ്രദ്ധിക്കാൻ

വവ്വാലുകളുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിൽ നിന്ന് പഴങ്ങൾ കഴിക്കരുത്. വവ്വാലുകളുള്ള പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച കള്ള് ഉപയോഗിക്കരുത്.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

പനിയുടെ ലക്ഷണം കണ്ടാലുടൻ വൈദ്യസഹായം തേടുക.

ചുമയുള്ളവർ വായ മൂടിക്കെട്ടി മാത്രം ചുമയ്‌ക്കുക.

പനിയില്ലാത്തവരും ചുമയുള്ളവർക്ക് അരികെ നിൽക്കുമ്പോൾ വായ മൂടിക്കെട്ടി,

അവരിൽ നിന്ന് അകലം പാലിക്കാൻ ശ്രദ്ധിക്കുക.

രോഗിയുടെ അടുത്ത് വളരെ സമയം ചെലവഴിക്കുകയും ശരീരസ്രവങ്ങളുമായി സമ്പർക്കമുണ്ടാവുകയും ചെയ്യുമ്പോഴാണ് രോഗം പകരുന്നത്.

രോഗിയെ പരിചരിക്കുന്ന ആളുകൾ മാസ്‌കും ഗ്ലൗസും ഉപയോഗിക്കുക.

(ആരോഗ്യ വകുപ്പ് സെക്രട്ടറി(അഡീഷണൽ ചീഫ് സെക്രട്ടറി)യായി വിരമിച്ച ലേഖകനാണ് കഴിഞ്ഞവർഷം നിപയ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത് )