അബുദാബി: യു.എ.ഇയിൽ സ്ഥിരതാമസത്തിനുള്ള ആജീവനാന്ത വീസയായ, ആദ്യ ഗോൾഡ് കാർഡിന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി അർഹനായി. വലിയ നിക്ഷേപകർക്കും പ്രതിഭകൾക്കും ഫെഡറൽ അതോറിറ്രി ഫോർ ഐഡന്റിറ്രി ആൻഡ് സിറ്രിസൺഷിപ്പ് നൽകുന്നതാണ് ഗോൾഡ് കാർഡ് വീസ. അബുദാബിയിൽ നടന്ന ചടങ്ങിൽ ജനറൽ ഡയറക്‌ടറേറ്ര് ഒഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ബ്രിഗേഡിയർ സയീദ് സലിം അൽ ഷംസിയിൽ നിന്ന് എം.എ. യൂസഫലി ഗോൾഡ് കാർഡ് സ്വീകരിച്ചു.
ആകെ 6,800 പേർക്ക് നൽകാനുദ്ദേശിക്കുന്ന ഗോൾഡ് കാർഡിന്റെ ഗുണഭോക്താക്കളിൽ ആദ്യ ബാച്ചിലുള്ളവർ 100 ബില്യൺ ദിർഹമിനുമേൽ നിക്ഷേപമുള്ളവരാണ്. അഞ്ചു മുതൽ പത്തുവർഷം വരെ ദീർഘകാല വീസ പ്രഖ്യാപനത്തിന് പുറമേയാണ് ബിസിനസുകാർക്കും പ്രതിഭകളായ വ്യക്തികൾക്കും ഗോൾഡ് കാർഡ് നൽകുന്നത്. യു.എ.ഇയുടെ പ്രഥമ ഗോൾഡ് കാർഡ് തനിക്കു ലഭിച്ചത് ആഗോള നിക്ഷേപക സമൂഹത്തിനുള്ള ആദരവായാണ് കാണുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു. ജീവിതത്തിലെ സുപ്രധാന ദിനവും നാഴികക്കല്ലുമാണിത്. അഭിമാനിതനും വിനയാന്വിതനുമായാണ് ഈ അംഗീകാരം സ്വീകരിക്കുന്നത്.
1973ൽ യു.എഇയിൽ വന്നതുമുതൽ തന്റെ അഭയസ്ഥാനമാണിത്. സ്വപ്‌നം കണ്ടതിനേക്കാൾ കൂടുതൽ നേട്ടങ്ങൾ യു.എ.ഇ തനിക്ക് നൽകി. യു.എ.ഇയുടെ ദീർഘദർശികളായ ഭരണാധികാരികളോട് ആത്‌മാർത്ഥമായി നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.