കൊൽക്കത്ത : പ്രശസ്ത ബംഗാളി നടിയും ഗായികയുമായിരുന്ന റുമ ഗുഹ ഠാക്കൂർത്ത (84) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ കൊൽക്കത്തയിലെ ബാലിഗഞ്ചിലെ വസതിയിൽ ഉറക്കത്തിനിടയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് കൊൽക്കത്തയിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.

പ്രശസ്തമായ കൊൽക്കത്ത യൂത്ത് ക്വയറിന്റെ സ്ഥാപകയായിരുന്ന അവർ മുപ്പത്തേഴ് ബംഗാളി ചിത്രങ്ങളിലും ഒട്ടേറെ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഗായകൻ കിഷോർ കുമാറിന്റെ ആദ്യ ഭാര്യയും സത്യജിത് റായിയുടെ അനന്തരവളുമായിരുന്നു.

ദിലീപ് കുമാറിന്റെ ആദ്യ ചിത്രമായിരുന്ന ‘ജ്വർ ഭട്ട’, ചേതൻ ആനന്ദ് സംവിധാനം ചെയ്ത ‘അഫ്സർ’, ‘മഷാൽ’ എന്നിവയാണ് റുമയുടെ ഹിന്ദി ചിത്രങ്ങൾ. സത്യജിത് റായി സംവിധാനം ചെയ്ത ‘അഭിജാൻ’, ‘ഗണശത്രു’ എന്നീ ചിത്രങ്ങളിലും തപൻ സിൻഹയുടെ ‘നിർജൻ സൈകഠെ’, ‘വീൽ ചെയർ’ എന്നീ ചിത്രങ്ങളിലും അപർണ സെൻ സംവിധാനംചെയ്ത ‘36 ചൗരംഗീലേൻ’ എന്ന ചിത്രത്തിലും അഭിനയിച്ചു. ലകോചൂരി (1958), സത്യജിത്ത് റേയുടെ തീൻ കന്യ (1961), ബാക്‌സോ ബാദലിന്റെ മേരാ ധരം മേരി മാ (1976) തുടങ്ങിയ സിനിമകളിൽ പിന്നണിഗായികയായും പ്രവർത്തിച്ചിട്ടുണ്ട്. 2007ൽ പുറത്തിറങ്ങിയ മീര നായരുടെ നേം സേക്ക് (ഇംഗ്ലീഷ്) ആണ് അവസാനചിത്രം.

1934ൽ കൊൽക്കത്തയിലാണ് ജനനം. 1944ൽ അമിയ ചക്രബർത്തിയുടെ ജ്വാർ ഭാത എന്ന സിനിമയിലൂടെയാണ് റുമയുടെ തുടക്കം.

1950ൽ കിഷോർകുമാറിനെ വിവാഹം കഴിച്ചു. 1958ൽ ഇരുവരും വിവാഹമോചിതരായി

പ്രശസ്ത ഗായകനും നടനുമായ അമിത് കുമാർ മകനാണ്. കിഷോർ കുമാറുമായുള്ള വിവാഹമോചനത്തിനുശേഷം എഴുത്തുകാരനും സംവിധായകനുമായ അരൂപ് ഗുഹ ഠാക്കൂർത്തയെ വിവാഹംകഴിച്ചു. ഗായിക ശ്രൊമൊണ, അയാൻ എന്നിവർ മക്കളാണ്.

റുമയുടെ മരണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചിച്ചു. സിനിമയ്ക്കും സംഗീതത്തിനും റുമ നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്ന് മമത ട്വീറ്റ് ചെയ്തു.