nipha

കൊച്ചി: എറണാകുളത്ത് നിപ സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതി. പനിയിൽ നേരിയ കുറവുണ്ടെന്ന് മെഡിക്കൽ ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. അതേസമയം, സംസ്ഥാനത്ത് 311 പേർ നിപ നിരീക്ഷണത്തിലാണെന്ന് സർക്കാർ അറിയിച്ചു. നാല് പേരെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചെന്നും സർക്കാർ വ്യക്തമാക്കി. ഇവരിൽ മൂന്ന് പേർ രോഗിയെ പരിചരിച്ചവരും ഒരാൾ രോഗിയുടെ സഹപാഠിയുമാണ്. തൃശൂർ,എറണാകുളം, ഇടുക്കി, കൊല്ലം എന്നീ ജില്ലക്കാരാണ് 311 പേരിലുള്ളത്.

നിലവിൽ ജീവനക്കാർക്കോ മറ്റ് രോഗികൾക്കോ രോഗബാധ ഉണ്ടാകാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും മെഡിക്കൽ ബുള്ളറ്റിൻ വിശദമാക്കുന്നു. പനി ബാധിച്ച കാലയളവിൽ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇത് വരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടിൽ തന്നെ കഴിയുവാനുള്ള നിർദേശം നൽകിയിട്ടുണ്ട്.