ioc

ചെന്നൈ: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി) തമിഴ്‌നാട്, പുതുച്ചേരി വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി മലയാളിയായ പി. ജയദേവൻ ചുമതലയേറ്റു. ആർ. സിദ്ധത്ഥൻ വിരമിച്ച ഒഴിവിലാണ് അദ്ദേഹത്തിന്റെ നിയമനം. തമിഴ്‌നാട്, പുതുച്ചേരി സംസ്‌ഥാനങ്ങളിൽ ഇന്ത്യൻ ഓയിലിന്റെ മേധാവിസ്ഥാനത്തിന് പുറമേ സ്‌റ്രേറ്ര് ലെവൽ കോ-ഓർഡിനേറ്റർ (എസ്.എൽ.സി) പദവിയും അദ്ദേഹം വഹിക്കും.

ഇന്ത്യൻ ഓയിലിൽ മൂന്നു പതിറ്രാണ്ടുകാലത്തെ പരിചയ സമ്പത്തുള്ള ജയദേവൻ, എൽ.പി.ജി വിഭാഗത്തിൽ ഓപ്പറേഷൻസ്, എൻജിനിയറിംഗ്, സെയിൽസ് എന്നീ മേഖലകളിലാണ് പ്രവർത്തിച്ചിരുന്നത്. സിവിൽ എൻജിനിയറായ ജയദേവൻ സ്ളൊവേനിയയിലെ ലുബ്‌ലിയാന യൂണിവേഴ്‌സിറ്രിയിൽ നിന്ന് പെട്രോളിയം മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സർക്കാരിന്റെ എൽ.പി.ജി സബ്‌സിഡി (ഡയറക്‌ട് ബെനഫിറ്ര് ട്രാൻസ്‌ഫർ) ആധാർ അധിഷ്‌ഠിതമാക്കി, അർഹരായവർക്ക് മാത്രം ലഭ്യമാക്കുന്നതിന് നൽകിയ മികച്ച പ്രവർത്തനത്തിന് കേന്ദ്രസർക്കാരിൽ നിന്ന് ആധാർ എക്‌സലൻസ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ഒട്ടേറെ ഇ-ഗവേണൻസ് പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പുതിയ നിയമനത്തിന് മുമ്പ് ന്യൂഡൽഹിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേറ്ര് ഓഫീസിൽ ചെയർമാൻ‌സ് സെക്രട്ടേറിയറ്റിന്റെ തലവനായിരുന്നു ജയദേവൻ.