ജയ്പുർ : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ടിന്റെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പി.സി.സി അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്ന് അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ ജോധ്പൂരിലാണ് വൈഭവ് ഗെലോട്ട് തോറ്റത്. അഞ്ച് തവണ അശോക് ഗെലോട്ട് എം.പിയായി തിര
ഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ജോധ്പൂർ.
'തിരഞ്ഞെടുപ്പിന് മുമ്പ് വലിയ പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. ജോധ്പൂരിൽ വലിയ മാർജിനിൽ വിജയിക്കാനാകുമെന്നാണ് സച്ചിൻ പൈലറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പക്ഷേ ഫലം വന്നപ്പോൾ തോറ്റു. തോൽവിയിൽ എനിക്കാണ് ഉത്തരവാദിത്വമെന്ന് ചിലർ പറയുന്നു. എന്നാൽ, പി.സി.സി അദ്ധ്യക്ഷനെന്ന നിലയിൽ സച്ചിൻ പൈലറ്റിനും ഉത്തരവാദിത്വമുണ്ട്'- ഗെലോട്ട് ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, ഗെലോട്ടിന്റെ പ്രസ്താവനയിൽ സച്ചിൻ പൈലറ്റ് പ്രതികരിച്ചിട്ടില്ല.
രാജസ്ഥാനിൽ അധികാരത്തിലേറി ആറുമാസം പിന്നിടും മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 25 സീറ്റിലും കോൺഗ്രസ് പരാജയപ്പെട്ടു. മുഖ്യമന്ത്രി പദത്തിനായി സച്ചിനും ഗെലോട്ടും തമ്മിലുണ്ടായ തർക്കം ഹൈക്കമാൻഡ് ഇടപെട്ടാണ് പരിഹരിച്ചത്.
വൈഭവിന്റെ തോൽവിയെ തുടർന്ന് പാർട്ടിക്കുള്ളിൽ അശോക് ഗെലോട്ടിനെതിരെ വിമർശനമുയർന്നിരുന്നു. ചിലർ മക്കളുടെ വിജയത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിച്ചതെന്ന് രാഹുൽ ഗാന്ധിയും കുറ്റപ്പെടുത്തി. നാല് ലക്ഷം വോട്ടിനാണ് കേന്ദ്രമന്ത്രിയായിരുന്ന ഗജേന്ദ്ര സിംഗ് ശെഖാവത്തിനോട് വൈഭവ് തോറ്റത്.