മുംബയ് : മഹാരാഷ്ട്രയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി എം.എൽ.എമാർ കൂട്ടത്തോടെ പാർട്ടി വിടുമെന്ന സൂചന നൽകി മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീൽ ഇന്നലെ എം.എൽ.എ സ്ഥാനവും രാജിവച്ചു. നേരത്തേ ഇദ്ദേഹം പ്രതിപക്ഷനേതൃ സ്ഥാനം രാജിവച്ചിരുന്നു
പാട്ടീൽ ബി.ജെ.പിയിൽ ചേർന്നേക്കും. രാജിക്ക് പിന്നാലെ അദ്ദേഹം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി. വിഖേ പാട്ടീലിന് മന്ത്രിസ്ഥാനം നൽകുമെന്നാണ് വിവരം.
കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മുൻ മന്ത്രി
അബ്ദുൾ സത്താറും ബി.ജെ.പിയിൽ ചേരുമെന്ന് അറിയിച്ചു. കൂടാതെ 8-10 എം.എൽ.എമാരും ബി.ജെ.പി പാളയത്തിൽ എത്തുമെന്നാണ് സൂചന. ഇതിൽ നാലു പേർ കോൺഗ്രസുമായി അകൽച്ചയിലാണ്. ബി.ജെ.പി നീക്കങ്ങൾ വിജയിച്ചാൽ കോൺഗ്രസിന്റെ നിയമസഭയിലെ അംഗസംഖ്യ 42ൽ നിന്ന് 32ആയി കുറയും. ഇതോടെ എൻ.സി.പി വലിയ കക്ഷിയാവുകയും കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെടുകയും ചെയ്യും.
എല്ലാം മകന് വേണ്ടി
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മകൻ സുജയ് വിഖെ പാട്ടീലിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മാർച്ചിലാണ് പാട്ടീൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്. മകന് വേണ്ടി പാട്ടീൽ ആവശ്യപ്പെട്ട അഹമ്മദ് നഗർ മണ്ഡലം സഖ്യകക്ഷിയായ എൻ.സി.പി വിട്ട് കൊടുത്തില്ല. തുടർന്ന് സുജയ് ബി.ജെ.പിയിൽ ചേർന്ന് അഹമ്മദ് നഗറിൽ തന്നെ മത്സരിച്ച് 2.81 ലക്ഷം വോട്ടുകൾക്ക് വിജയിച്ചു. മകന് വേണ്ടി പാട്ടീൽ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
വില പേശൽ തകൃതി
കോൺഗ്രസ് എം.എൽ.എമാരായ അബ്ദുൾ സത്താർ, കാളിദാസ് കൊളംബ്കർ, ജയകുമാർ ഘോർ എന്നിവർ രാജിവച്ച് ബി.ജെ.പിയിൽ എത്തിയേക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി ഫട്നാവിസിന്റെ വലംകൈയായ മന്ത്രി ഗിരീഷ് ദത്താത്രേയ മഹാജനുമായി ഇവർ വിലപേശലിലാണാണെന്നാണ് റിപ്പോർട്ടുകൾ. വിഖെ പാട്ടീൽ ജൂൺ ആദ്യവാരം ബി.ജെ.പിയിൽ ചേരുമെന്ന് മഹാജൻ പ്രഖ്യാപിച്ചിരുന്നു. മഹാജനുമായി പാട്ടീൽ മേയ് 28ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
48 ലോക്‌സഭാ സീറ്റുകളുളള മഹാരാഷ്ട്രയിൽ എൻ.സി.പിക്കൊപ്പമാണ് കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 41 സീറ്റും ബി.ജെ.പി - ശിവസേന സഖ്യം തൂത്തുവാരി. കോൺഗ്രസിന് ഒരു സീറ്റും എൻ. സി.പിക്ക് 4 സീറ്റും മാത്രമാണ് കിട്ടിയത്. അതിന് പിന്നാലെയാണ് നിയമസഭയിലും
കോൺഗ്രസ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
'പാർട്ടി അവഗണന ത് മുതൽ ഞാൻ ഈ തീരുമാനമെടുത്തതാണ്. ലോക്‌സഭാ പ്രചരണത്തിനും സഹകരിച്ചിരുന്നില്ല. പാർട്ടി വിടുന്നതിൽ ഒരു തെറ്റും കാണുന്നില്ല'
- രാധാകൃഷ്ണ വിഖെ പാട്ടീൽ