ലണ്ടൻ: ഇന്ത്യൻ ടീം ലോകകപ്പിൽ പരമ്പരാഗതമായ നീല ജേഴ്സിക്കൊപ്പം ചില മത്സരങ്ങളിൽ ഓറഞ്ച് നിറത്തിലുള്ള ജേഴ്സിയും ഉപയോഗിക്കും. ഫുട്ബാളിലും മറ്റുമുള്ളതു പോലെ ഹോം, എവേ ജേഴ്സികൾ ക്രിക്കറ്റിലും കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ നിർദ്ദേശ പ്രകാരമാണ് ടീമുകൾക്ക് രണ്ട് ജേഴ്സികൾ ഈ ലോകകപ്പിൽ ഉപയോഗിക്കന്നത്. ലോകകപ്പിന്റെ സംപ്രേഷണാവകാശം നേടിയ സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിന്റെ ഇടപെടലും ഇതിന് പിന്നിലുണ്ട്. ഒരേ നിറത്തിലുള്ള ജേഴ്സിസികൾ ഉപയോഗിക്കുന്ന ടീമുകൾ നേർക്കു നേർ വരുന്ന മത്സരങ്ങളിൽ ടീമുകളെ പെട്ടെന്ന് പ്രേക്ഷകർക്ക് തിരിച്ചറിയാൻ വേണ്ടിയാണ് അവർ ഇങ്ങനെയൊരു നിർദ്ദേശം വച്ചത്. അതേ സമയം അതിഥേയ ടീമിന്റെ ജേഴ്സിയിൽ മാറ്റമുണ്ടാകില്ല. ഇംഗ്ലണ്ടിന് അവരുടെ ഇളം നീല നിറത്തിലുള്ള ജേഴ്സി തന്നെ ടൂർണമെൻറിൽ ഉടനീളം ഉപയോഗിക്കാം. അതിനാൽ ഈ മാസം 30 ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യ ഓറഞ്ച് നിറത്തിലുള്ള ജേഴ്സിയണിഞ്ഞാവും കളത്തിലിറങ്ങുക എന്നുറപ്പായി. മറ്റൊരു മത്സരത്തിൽക്കൂടെ ഇന്ത്യ ഓഞ്ച് ജേഴ്സി ഉപയോഗിക്കും. എന്നാൽ ഇക്കാര്യം ഇന്ത്യൻ ടീം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ജൂലായ് 4ന് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ നീല ജേഴ്സി തന്നെ ഉപയോഗിക്കുമെന്നാണ് വിവരം.