ലക്‌നൗ: വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറാണെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ്. മഹാസഖ്യത്തിൽ നിന്ന് താത്കാലികമായി പിന്മാറുകയാണെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നുമുള്ള മായാവതിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അഖിലേഷിന്റെ പ്രഖ്യാപനം. ഇതോടെ മഹാസഖ്യത്തിൽ പിളർപ്പ് ഉറപ്പായി.
''സമാജ്‌വാദി പാർട്ടിയുടെ വോട്ട് ബാങ്കായിരുന്ന യാദവ സമുദായത്തിൽ നിന്ന് പാർട്ടിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പ്രമുഖരായ സ്ഥാനാർത്ഥികൾ പോലും പരാജയപ്പെട്ടു. ഇപ്പോൾ ഞങ്ങൾ പിരിയുന്നത് താത്കാലികമാണ്. എസ്.പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ വിജയിക്കുകയാണെങ്കിൽ വീണ്ടും ഞങ്ങൾ ഒന്നിച്ച് പോരാടും. ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെ"ന്നും മായാവതി ഇന്നലെ രാവിലെ അറിയിച്ചിരുന്നു.
''ബി.എസ്.പി- എസ്.പി സഖ്യം എപ്പോഴാണോ ഉരുത്തിരിഞ്ഞത് അന്ന് മുതൽ അഖിലേഷും അദ്ദേഹത്തിന്റെ ഭാര്യ ഡിംപിൾ യാദവും എനിക്ക് വേണ്ടുവോളം ബഹുമാനം തന്നിട്ടുണ്ട്. രാജ്യത്തിന്റെ താത്പര്യം മുന്നിൽ കണ്ട് എല്ലാ അഭിപ്രായ വ്യത്യാസങ്ങളും ഞാനും മറന്നു. അവരെ ഞാനും ബഹുമാനിച്ചു. രാഷ്ട്രീയം മാത്രം ലക്ഷ്യമാക്കിയുള്ളതല്ല ഞങ്ങളുടെ ബന്ധം. അത് എല്ലാ കാലവും തുടരും"- മായാവതി സഖ്യത്തിൽ നിന്ന് പിന്മാറുന്നത് അറിയിച്ചു കൊണ്ട് പറഞ്ഞിരുന്നു.
സഖ്യമില്ലെങ്കിൽ തീർച്ചയായും നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് തങ്ങളുടെ തീരുമാനമെന്ന് ഇതിനോട് അഖിലേഷും പ്രതികരിച്ചു.